Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 183

183 തോരണത്തു പരമേശ്വരമേനോനവർകൾക്ക്

കൊടുങ്ങല്ലൂർ 1083-മീനം-10


ആകാശം ഭൂമിയും കാണാ-
നാകാതാക്കുമിരുട്ടുമേ
ലോകര്‍ക്കുവേണ്ടിക്കളയു-
മേകതേജസ്സിനെത്തൊഴാം


കത്തു കിട്ടി, കവിശിഷ്യനായ താൻ
തീർത്തുവിട്ട ചെറുബുക്കുമെത്തി മേ;
തീർത്തുനോക്കിയതിലില്ലബദ്ധമി-
ന്നൊത്തു ചിന്തയിവനുള്ളതിൻഫലം


തോരണത്തു പരമേശ്വരാഖ്യമി-
പ്പാരകത്തെവിടെയും പരക്കുവാൻ
വീരനായൊരു മനീഷിതന്റെ സൽ-
സാരമാം കൃതിയിതെത്ര യോഗ്യമാം


കാലോചിതസ്ഥിതി പരം കരളിൽ ഗ്രഹച്ചീ-
"ബാലോപദേശശതകം' വിരചിച്ചമൂലം
ആലോലബുദ്ധികലരുന്ന കിടാങ്ങൾ മേലിൽ-
ച്ചേലോലുമാവഴിയറിഞ്ഞ നടക്കുമല്ലോ


കുട്ടികൾക്കറിവു കൂടിവന്നിടും-
മട്ടിനൊത്ത വഴി കണ്ടു ജോലിയേ
മുട്ടിടാതെ ദിനവും നടത്തുവാൻ
മുട്ടിടൊല്ല മനമീ ശ്രമത്തിനാൽ