ഒരു കാര്യമുരച്ചിടുന്നു ഞാനി-
ന്നുരുസൌഹാർദ്ദമതുള്ളിലോർമ്മവേണം;
പെരുതാം കൃപ നാട്ടുകാരിലേന്തി-
പ്പെരുമാറുന്നവരല്ലയോ മഹാന്മാർ?
കവി കെ. പരമേശ്വരക്കുറുപ്പെ-
ന്നിവിടെപ്പേർ പറയുന്നൊരീ മനുഷ്യൻ
ഭൂവി കേവലനിത്യവൃത്തി കാംക്ഷി-
ച്ചവിടെയ്ക്കുണ്ടു വന്നു ജീവനാര്‍ത്ഥം
അറിയാം ചിലതാംഗലേയ ഭാഷാ-
മുറിവാക്യങ്ങൾ, പഠിപ്പിതത്രമാത്രം;
ശരിയായ് മലയാള ഭാഷയായാ-
ലുരിയാടാ,മെഴുതാം,കവിത്വമാവാം
ഇവയുണ്ടു റജിസ്റ്റർ ചെയ്തിരിപ്പൂ
നവകാവ്യക്കളരിസ്ഥലത്തു മുമ്പേ;
തവ കീഴ്‍വരുതിഗ്ഗുമസ്ഥവേല-
യ്ക്കിവനാവോ! തരമാക്കിയെങ്കിലായി
ഒരുമാതിരി കയ്യെടുത്തു നന്നെ-
ന്നൊരു ഭള്ളിന്നിവനില്ലയെന്നുമില്ല;
പെരുമാറ്റവഴിയ്ക്കു കൊണ്ടുപോയാ-
ലൊരു ഭാഷയ്ക്കിവനും കഴിഞ്ഞുകൂടും