Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 181

181

കുട്ടമത്തു കുന്നിയൂര് കുഞ്ഞിക്കൃഷ്ണക്കുറുപ്പ് അവർകൾക്ക്.

എറണാകുളം 26 മീനം 78


കുഞ്ഞികൃഷ്ണക്കുറുപ്പേ! തവ നവകവിതാ-
ചിത്രപത്രം വിചിത്രം
നെഞ്ഞിൽക്കൂടുംരസാൽ കണ്ടിതു പുനരിവിടെ-
ക്കാർഡുമെത്തായ്കയില്ല;
ഭഞ്ജിക്കാതുള്ള ഭംഗിപ്പുതുമയൊടു മതി-
ന്നുത്തരക്കത്തഭീഷ്ടം
പുഞ്ജിക്കാവുന്നമട്ടിൽ തരമൊടു തരുവാ-
നിപ്പൊളാളല്ലെടോ ഞാൻ


വേണീസംഹാരഭാഷാന്തരകൃതി കിളിമാ-
നൂരെഴും രാമവർമ്മ-
ക്ഷോണീപാലേന്ദ്രനാമെൻ സഖിയുടെ വകയാ-
ണാമഹാനിപ്പൊളില്ല;
താണീടാതുള്ള കൌതൂഹലമതിനു ഭവാ-
നുള്ളിലുണ്ടെങ്കിലെന്തൊ-
ന്നാണീ ഞാൻ ചെയ്തതപ്പുസ്തകമിനിയുമിരി-
ക്കുന്നിതോ തീര്‍ന്നുപോയോ?