Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 174

174

അണ്ണനെക്കൂട്ടിടാതായപ്പെണ്ണങ്ങടെയകങ്ങളിൽ
വെണ്ണകട്ടുണ്ടൊളിയ്ക്കുന്ന കണ്ണനുണ്ണി തുണയ്ക്കണം


ഉദ്യൽപ്രിയം പിരിയുമപ്പൊഴുതിങ്ങെഴുത്തു
പദ്യത്തിലാക്കിയെഴുതുന്നതിനേറ്റിരിയ്ക്കേ
ഹൃദ്യപ്രയോഗ പടുവായ ഭവാനിനിക്കു
ഗദ്യത്തിലെന്തിനെഴുതീ നിജവത്തമാനം?


നേരം പോക്കസ്തമിച്ചു, നെടിയ തകൃതിയിൽ-
ക്കൂടിയോരങ്ങുപോയ-
ന്നേരംതൊട്ടിങ്ങു ഞങ്ങൾക്കതിയതുകഗതി-
യ്ക്കുന്നനദ്ധ്യായമായീ;
പൂരം നന്നായിയാലും ശരി, ബഹുവഷളാ-
യാലുമെന്തുണ്ടു വാണീ-
പൂരം കോളാക്കി മേളപ്പൊളികളിൽ വടിപൊ-
ട്ടിച്ചു പേർകേട്ട വീര!


കാറോടുംവേണിമാർ തൂകിന മിഴിമഴയും-
കൊണ്ടു പൂരത്തിരക്കിൽ
കൂറോടും മേഞ്ഞുപറ്റാൻ ധൃതിയടയ പശു-
ക്കൂറ്റനേക്കൂട്ടിടാതോ?
നേരോടങ്ങന്നു തങ്ങീട്ടഥ ബഹുരസവും
കണ്ടു പിറ്റേന്നു ചെന്നേ-
റ്റോരോ മോഹങ്ങൾ സാധിച്ചതു കരുതുകിലാ-
രങ്ങയേ വിശ്വസിയ്ക്കും?


നൂനം പൂരപ്രപഞ്ചം പെരുവനനടയിൽ-
പ്പിന്നെയാറാട്ടുപാട-
സ്ഥാനത്തെന്നൊക്കെ നിങ്ങൾക്കതുവിധമിവിടെ-
ക്കാഴ്ച ഞങ്ങൾക്കു വേറേ;
ആനന്ദംതന്നെ ചെങ്ങൽക്കൊരു നടയെടനാ-
ട്ടാവണങ്കോട്ടിതെല്ലാം
ഞാനവ്വണ്ണം പ്രവേശിച്ചൊരുവിധമിടയിൽ-
പ്പുരയോഗം നടത്തീ.


"കാലത്തിന്നൊത്ത കോലം' കമനികളിവിട-
ത്തിങ്കലും പൂരവേല-
ക്കാലത്തിഷ്ടപ്രകാരം ചില പുതുമപെടും
മോടികൂട്ടായ്മയില്ലാ;
മേലഞ്ചും പട്ടുറൌക്കിപ്പുതയിലിടയട-
ച്ചുന്തലും തള്ളുമാണി-
മ്മേലഞ്ചും നോട്ടനീട്ടും ചെറുചിരി മധുര-
പ്പിട്ടുമെല്ലാം 'സരിത്താൻ'


ചട്ടറ്റുള്ളാലവട്ടം കൊടയലമുലയും
ചാമരം ചാരുനെറ്റി-
പ്പട്ടം കൂട്ടാനയൊപ്പം നട കുഴൽ പലപേർ
ചെണ്ടകൊട്ടും പ്രയോഗം
തിട്ടം മേളത്തിനൊക്കും വെടി ബഹുപുരുഷാ-
രപ്രിയം കാഴ്ചയെന്നീ-
മട്ടല്ലോ പൂരവേലയ്ക്കിതുമുഴുവനുമീ-
നാരികൾക്കും നിരക്കും


മേനോൻ ചൊല്ലുന്ന പദ്യച്ചെറുമുറിയിവിടെ-
ച്ചേർത്തിടാം മൂന്നു പാദം
"മീനോടുംകണ്ണിമാരാൺകണിവലയിലക-
പ്പെട്ടമട്ടേറ്റ പൂരം
മനോത്സാഹത്തോടും വെണ്മണിമനയിലെഴും
പൂജ്യർ പോയ്‍ക്കണ്ടു കൂട്ടാം
ഞാനോരോപാട്ടിലേറ്റീ പഥി പലപടി മു-
ണ്ടയ്ക്കൽ മുണ്ടിയ്ക്കു മോഹം'


രഞ്ജിയ്ക്കുമ്മാറിഷ്ടഭാവത്തിൽ വാഴും
കുഞ്ഞിക്കട്ടൻ തമ്പുരാനിന്നുമെന്നാൽ
കുഞ്ഞിക്കാലിൽക്കൂടിടും നീരു തീരെ-
ബ്ഭഞ്ജിയ്ക്കാതെ പറ്റിനിൽക്കുന്നിതല്പം


കൂറിൽക്കൂറിട്ട പദ്യക്കുറിലിഖിതമഹോ
കേവലം മേൽവിലാസം
മാറിപ്പോയിട്ടു പറ്റീതിരുമറിയവിടെ-
ക്കാവുകുട്ടിയ്ക്കു കിട്ടാൻ
വേറിട്ടും ഞാൻ പകര്‍ത്തൊന്നെഴുതിയുടനയ-
ച്ചീടിനേനഞ്ചൽ കയ്യിൽ-
ക്കേറിക്കണ്ടൊന്നു വായിച്ചതിന്നുപരി നമു-
ക്കുത്തരക്കത്തയയ്ക്കും


കുറച്ചുനാളായ്‍ക്കവിതാപ്രയോഗം
മറച്ചുവെച്ചീടിന മഞ്ജുവാണി
ഉറച്ചു ചിന്തിച്ചു കുറിച്ചു പദ്യം
നിറച്ചു നമ്മൾക്കൊരു കത്തയക്കും


പെണ്ണുങ്ങൾക്കോ വരുന്നൂ കവിതയെഴുതുവാൻ
വാസനാശക്തി ശുദ്ധ-
പ്പൊണ്ണന്മാർ പേരുമാറിച്ചില കവികളിട-
ത്തട്ടുകാർ തട്ടിയേയ്ക്കും;
തിണ്ണം മാറിഭ്രമിച്ചിങ്ങിനെ ചിലർ പറയാ-
റില്ലയെന്നില്ല, വേണ്ടും-
വണ്ണം ശീലിക്കിലാര്‍ക്കും കുറവു നഹി സമം
തന്നെയാം പെണ്ണുമാണും


ആവുന്നപോലെ ചെറുനാൾ നിജവാസനത്തൈ
കാവുട്ടി ശീലവളമിട്ടു വളർത്തി വന്നൂ;
ഏവം നയിക്കുമളവായവൾ ചിത്രയോഗം
കൈവന്നവാറു കവിതക്കൃഷി കൈവെടിഞ്ഞൂ


കണ്ടപ്പോൾ പത്ഥ്യമാക്കിക്കവിതയടിയനേ-
ക്കൊണ്ടു ചൊല്ലിച്ചു ഭാണ്ഡം-
കൊണ്ടന്നേ വണ്ടികേറാനിളകിയ തിരുമേ-
നിക്കു ദാക്ഷിണ്യമില്ല;
കണ്ടാട്ടേ മറ്റൊരിക്കൽ തിരുവടിസവിധ-
ത്തിങ്കൽ ഞാനെന്റെ പദ്യം
ക്കൊണ്ടെച്ചെല്ലില്ല പച്ഛിച്ചിവനെയിനി ശകാ-
രിക്കിലും പേടിയില്ല


എന്നു മേനോന്റെ കവിതയൊന്നുണ്ടിതിലതും ഭവാൻ
ഇന്നു വായിച്ചുകൊള്ളണം നന്നുനന്നെന്നു വാഴ്ത്തണം