കൊടുങ്ങല്ലൂർ 26_3_88
കരിമുകിൽ വില്ലൊളിരുചിയും
കറുത്ത മുടിയും കടാക്ഷവും ചിരിയും
കരുണയുമുടയ ശിവാന്തഃ-
കരണവിലാസങ്ങൾ കരളിൽ വിലസട്ടേ!
പോയീ ലാക്കിനു ചേന്നമംഗലവഴി-
യ്ക്കാമ്മാറു കുണ്ടൂര്‍ക്കു കാ-
ണായീ നല്ലൊരു കൂടിയാട്ടമശനം
കേൾക്കായിടും വണ്ണമേ;
ആയീലാ നിരുപിച്ചമാതിരി രസം
കൊണ്ടീല കൊണ്ടാടുവാ-
നായീഷിൽപ്പിഴപെട്ട പദ്യപടലം
ചോര്‍ക്കുന്ന ചാക്യാർ മുഖം
ആ രാവു വഞ്ചികയറിച്ചിതമോടു ചെന്നോ-
ത്താരാലണഞ്ഞു പുലരുന്നതിനൊട്ടുമുമ്പേ
ആരാവമിട്ടനുജനാലനെയങ്ങുണര്‍ത്തീ-
ട്ടാ രാമണീയകമണിപ്പുര കണ്ടു ഞങ്ങൾ
അഥ പകലവിടത്തിൽപ്പാര്‍ക്കയും വേണ്ടിവന്നു;
കഥകൾ പലതുമുണ്ട് ചൊല്ലുവാൻ ചിത്രബന്ധോ!
പ്രഥമപരിചയത്തിന്നൊത്തമട്ടിൽ കവിത്വ-
പ്രഥനമുറകളാകാവുന്നതും രാത്രി കേട്ടു. 45
പരം ഭവാനുളളതിനുള്ളമാന്ത-
പരംപരക്കോപ്പുകൾ വിസ്തരിച്ചു;
"മരം മരാമത്തിനുവേണ്ടി നേടാ-
മരം വരാഞ്ഞാൽ ഗതിയെന്തി'വണ്ണം
വെറുതെയിപ്പണിയിപ്പൊളതിവ്യയം
മുറുകെയെന്നു പരം ഗുണദോഷമേ
അരുളിടേണ്ടതുമെൻ തിരുമേനിയെ-
ന്നൊരുളി ചാട്ടി തിരിച്ചുടനെന്നിലും
'കാര്യം വാസ്തവമാണു, കാമിനി! മഹോ-
ത്സാഹം ചെറുപ്പത്തിനാ-
ലാര്യന്മാര്‍ക്കുമനേകമട്ടിലുളവാ-
മാശാവിശേഷങ്ങളിൽ
സ്ഥൈര്യത്തോടു പരിശ്രമിച്ചതു ഫലി-
പ്പിപ്പാൻ പെടും ദുർഘടം
ധൈര്യംകൊണ്ടു തടുത്തുനേടിന ജയം
കാണേണ്ടതെന്നോതി ഞാൻ
പ്രവൃത്തിയൊന്നിലേര്‍പ്പെടുമ്പൊളായതിന്നു തക്കതാം
നിവൃത്തിമാർഗ്ഗമോര്‍ത്തുറച്ചതേവഴിയ്ക്കു കേറുവോൻ
സുവൃത്തനായിരിക്കിലും തിരിഞ്ഞു വട്ടമായിടാ
സ്വവൃത്തമാനവിസ്തരപ്പരപ്പു കണ്ട സജ്ജനം
ഈവക പലപടി വെടിയൊടു
രാവലിയുംവരെയുറക്കമറിയാത
കേവലരസമയമങ്ങിനെ
ഭാവമിണങ്ങിക്കഴിച്ചു ഹേ! ഞങ്ങൾ
തിരിച്ചുപോന്നിന്നലെയിങ്ങണഞ്ഞു
പൊരിച്ചിലുള്ളച്ചയിലെന്തുവേണ്ടൂ?
ചിരിച്ച രാവിൽ പ്രിയതന്നെഴുത്താൽ
ധരിച്ചു വീണ്ടും ഭവദീയ വൃത്തം