Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 167

167

കൊടുങ്ങല്ലൂർ 21-കുംഭം-81


സാദം കൂടാതെ വടിവിൽ
വേദം നാലായ്പ്പകുത്തവൻ
ഭേദം നീക്കി ജ്ഞാനമേകും
വേദവ്യാസൻ തുണയ്ക്കണം


മഹാഭാരതം ഭാഷയാക്കീടുകെന്നീ-
മഹാഭാരതന്ത്രത്തിലേർപ്പെട്ടെഴും ഞാൻ
മഹാത്മൻ! പണിപ്പെട്ടു മുക്കാലുമാക്കീ;
മഹാത്മപ്രയത്നം ഫലിച്ചാൽജ്ജയിച്ചൂ.


അടങ്ങാതെ ഞാൻ ശാന്തിപർവ്വത്തിലാദ്യം
തുടങ്ങിസ്സഖേ! രാജധര്‍മ്മം കഴിച്ചു;
മുടങ്ങാതെ യത്നിച്ചുപോരുന്നിതെല്ലാ-
മൊടുങ്ങീടുവാൻ കൊല്ലമിങ്ങൊന്നു വേണം


പുസ്തകമവിടെ മുറയ്ക്കാ-
യസ്തവികല്പം വരുന്നതുണ്ടില്ലേ?
എത്താൻ താമസമുണ്ടോ?
വൃത്താന്തം മുഴുവനിവിടെയറിയേണം


എറണാകുളമാര്‍ഗ്ഗമായ്‍വരുത്തു-
മ്മുറ മാറ്റാനവിടെയ്ക്കെഴുത്തയച്ചോ?
തരമങ്ങിനെയാണു മറ്റമാന്ത-
ത്തരമെന്തിന്നു വൃഥാ നിറുത്തിടുന്നൂ


തിരുവീരരായനൊരെഴുത്തയയ്ക്കുകീ-
ത്തിരുമാറൽ മാറി മുറപോലെ കിട്ടുവാൻ;
ഒരു ദുര്‍ഗ്ഘടത്തിലിവിടെക്കിടന്നു ഞാൻ
പുരുദുഃഖദുസ്ഥിതി കഴിച്ചുകൂട്ടിനേൻ


അമ്മയ്ക്കു മൂലക്കുരുവുള്ളതെന്തോ
മ്മുമ്മട്ടിലല്ലാതെ കലമ്പൽ കൂട്ടീ;
ഇമ്മട്ടൊരഞ്ചിനം കഴിഞ്ഞാൽ
ജന്മം കലാശിച്ചിടുമെന്നു തോന്നീ


ഈശ്വരാനുഗ്രഹം കൊണ്ടൊ-
ട്ടാശ്വസിച്ചു സുഖത്തിലായ്
ശാശ്വതാനന്ദമാം മാതൃ-
പാര്‍ശ്വവാസം കെടാതെയായ്


ഇങ്ങിപ്പോൾ വര്‍ത്തമാനമി
തിങ്ങിനെയെല്ലാമിരിയ്ക്കുന്നൂ;
വിങ്ങിന ദുരിതം തീരാ-
നിങ്ങിനിയൊരു ദാനകര്‍മ്മവിധി വേണം


ജവമോടറിയിച്ചീടാം ദിവസം
തീർച്ചയാക്കിയാൽ
ഇവിടയ്ക്കുന്നു വരണ-
മവിടുന്നൊരു ഭൂസുരൻ


ആക്കാര്യം നിൽക്കട്ടേ
കേൾക്കാനാവശ്യമുണ്ടൊരെണ്ണം മേ
അകവൂർക്കഥയാണതു,മിതു
സകലം വിവരിച്ചുതരിക മറുപടിയിൽ


ഗുണി നമ്മുടെ ഗോപാല-
പ്പണിയ്ക്കർ കാര്യസ്ഥനായിയോ? വന്നോ?
പണിയിലിരുന്നോ? നന്നോ?
കണിശപ്പടി വേല നോക്കിടുന്നുണ്ടോ?