കൊടുങ്ങല്ലൂർ 27-3-67
അഖണ്ഡരാകാശശിതന്നെ ചാരു-
മുഖം സുവർണ്ണാദ്രികൾ കൊങ്കരണ്ടും
നഖങ്ങൾ നക്ഷത്രവുമായ രാത്രി-
സുഖം വിചാരിയ്ക്കു ഭവാൻ ഭവാന്റെ!!
കോട്ടംവിട്ടൊരു കോട്ടയം "കവിസമാ-
ജ”ത്തിൽ ജ്ജയിച്ചാക്കവി-
ശ്രേഷ്ഠന്മാര്‍ക്കു വിശേഷമായ് വിരുതു നൾ-
കീടാ"നനന്താലയേ"
കൂട്ടിച്ചേര്‍ത്തു വരുന്നമാസമതിലാ
മാലോകരെക്കൂട്ടിടും
കൂട്ടംകൂടിയ കൊതുകത്തോടുമുറ-
ച്ചിട്ടുണ്ടു കേട്ടീലയോ?
പാരം വാച്ചൊരു വേഴ്ചയാൽ വലിയകോ-
യിത്തമ്പുരാൻ സൌഹൃദം ചേരും
വാചകമുള്ളെഴുത്തുവഴിയാ-
യെന്നെക്ഷണിച്ചീടിനാൻ;
സ്വൈരം പൂണ്ടതുകൊണ്ടു വേണ്ടവിധമാ-
യിട്ടൊന്നിറങ്ങിത്തുലാ-
ഭാരം കാണുകയും സഭയ്ക്കണകയും
ചെയ്തെങ്കിലോ ശങ്ക മേ!!
ഇഷ്ടംചേര്‍ന്ന ഭവാനുമായതിനിറ-
ങ്ങീടുന്നുവെന്നാലുടൻ
വട്ടംകൂട്ടിയൊരുങ്ങിയാദരവിയ-
ന്നിങ്ങോട്ടു വന്നീടണം;
ഇഷ്ടം പോലെ നമുക്കു കേൾക്ക കിളിമാ-
നൂര്‍ക്കും തരം പോലെയായ്
ക്കിട്ടിയെങ്കിലിളാസുരോത്തമ! ഗമി-
യ്ക്കാമെന്തു ചേതം സഖേ!
അതിരസമൊടുമമ്മത്തമ്പുരാൻതന്റെ മൂലാ-
ഭിധശുഭതിരുനാളിന്നിങ്ങു വന്നെത്തിയാലും;
ചിതമൊടതിനുശേഷം യാത്രതീര്‍ച്ചപ്പെടുത്താം
ബുധവര! ശൃണു രണ്ടായാലുമൊന്നിങ്ങിറങ്ങു
വെള്ളുക്കീർത്തിപ്രകാശം വസുധ മുഴുവനും
വാനുമൊന്നിച്ചുകൂട്ടി-
ക്കൊള്ളിക്കും കോമളശ്രീകവിവരരണിയും
വെണ്മണിക്ഷ്മാമൃതാംശോ!
കൊള്ളാം കൊള്ളാമാന്തം സരസതരമതേ!
സ്തബ്ധനായിട്ടിവണ്ണം
വെള്ളാരപ്പിള്ളിൽ വാണീടിലുമവിടെ മുഷി-
ഞ്ഞമ്പിടുന്നില്ലയെന്നോ?
അന്നാണെങ്കിലശേഷവന്ദ്യഗുണനാ-
മച്ഛന്റെ ശുശ്രൂഷണ-
ത്തിന്നാണെന്നു പറഞ്ഞിടാം ജനകസേ-
വയ്ക്കാണു രണ്ടെങ്കിലും;
ഇന്നാര്‍ക്കുള്ള രസത്തിനാണു പടുവ-
ങ്കന്മാർ പരോപദ്രവ-
ത്തിന്നായ്പ്പതറും കടുല്കടകടു-
ന്നിൽക്കൂട്ടിൽ വാഴുന്നതും.
ഗ്രഹപ്പിഴയെന്റെ തലയ്ക്കു വെച്ച
ഗൃഹസ്ഥകൃത്യത്തിനു വേണ്ടിമാത്രം
ഇഹസ്ഥനാവേണ്ടി വരുന്നുവെന്നോ
"മഹത്വ"മുള്ളങ്ങുരചെയ്‍വതാട്ടേ
ഇഷ്ടൻ, ശിഷ്യൻ, കുഞ്ഞി-
ക്കുട്ടൻ സഹജൻ, സഖാവു സരസം ഞാൻ
തുഷ്ട്യാ വെഴ്സണി മഹനാ-
യിട്ടു വിടും കയ്യെഴുത്താണ്