Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 157

157

കൊടുങ്ങല്ലൂർ


പുരാരി പുണരും പുണ്യ
പുരാണശ്രുതിസാരമേ!
നിരാകരിച്ചു രക്ഷിക്ക
നിരാതങ്കമഘങ്ങളെ


താങ്കൾ അയച്ചതന്ന കേരളവര്‍മ്മവിലാസം പുസ്തകം കിട്ടി ബോധിച്ചു. പക്ഷേ ഇതൊരു ശതകമാക്കിയതു കേവലം കവിതയിലുള്ള പിശുക്കായിപ്പോയി എന്നാണ് നമുക്ക് മുമ്പിലൊരഭിപ്രായം പറവാൻ തോന്നുന്നതു്. എന്തെന്നാൽ


വിസ്താരം കലരുന്ന കാവ്യനിലയാ-
യല്ലായ്കിലോ നാടക-
പ്രസ്താവപ്പടിയായ് പടച്ചിഹ പര-
ത്തേണ്ടുന്നൊരിസ്സൽക്കഥ
അസ്താശങ്കമൊതുക്കിവെച്ചു ശതക-
പ്രായത്തിലുണ്ടാക്കിയാൽ
ശസ്താനേകരസജ്ഞർ കാണുമളവിൽ-
ക്കണ്ണിൽ പിടിച്ചീടുമോ?


എന്നാലും തവ സംസ്കൃതം കവിതയാ-
യൊന്നാമതുണ്ടായൊരീ
യൊന്നാംക്ലാസു വിധിക്കു മറ്റൊരുവനാ-
രപ്പീൽ വിധിച്ചീടുവാൻ?
എന്നാണങ്ങയിലിഷ്ടമേറ്റമിയലും
കൂനേഴനോതുന്നതി-
ങ്ങെന്നാലങ്ങിനെയാട്ടെയെന്നു ശരിവെ-
യ്ക്കുന്നുണ്ടു ഞാനും സഖേ!


കൂനേഴൻ ഇവിടെ ഒരു പാഠശാലയിൽ മാസ്റ്റർജോലി നോക്കിവരുന്നു. വിശിഷ്യ ആയാൾക്കു രാവും പകലും ബുദ്ധിമുട്ടുതന്നെ.


വയസ്യനാമായവനച്ഛനേറ്റം
വയസ്സുകാലത്തൊരു വാതരോഗം
ലയിച്ചുകണ്ടിട്ടരികത്തുതന്നെ
നയിച്ചുപോരുന്നിതു പിന്നെ നേരം


അതുകൊണ്ടും ഇതുകൊണ്ടും അമ്പലപ്പടികൊണ്ടും ആയാൾക്കിരിക്കപ്പൊറുതിയില്ലായ്കയാലാണ് താങ്കൾക്കുപോലും എഴുത്തയയ്ക്കാത്തതെന്നു പ്രതിനിധിസ്ഥാനത്തു ഞാൻ പറയുന്നു.