Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 155

155

കോടിലിംഗപുരാൽ 11-3-68


ശസ്തപവമാനകാരണ
ശമ്പാചാരുത്വചോരരുചിരരുചാ
ശബളിതമസ്തു മനോ ന-
ശ്ശർവ്വതപോബ്രഹ്മചര്യഭംഗേന


പ്രത്യപ്രൈഷീതപഭ്രഷ്ടം നാസ്ത്യത്ര വിശയാങ്കുരഃ
ചേദപ്യര്‍ത്ഥാന്തരന്യാസാൽ സമാധിഃ പദഭേദതഃ.
ആയാസമാത്ര ഫലയാ കിം ഹി സ്യ ദമുയാദ്യ നഃ
ദുസ്തർക്കരീത്യാ യൽ ക്ലിഷ്ടം തദപി ത്യാജ്യമുത്തമൈഃ.


ഇല്ലാ താങ്കൾ സഭയ്ക്കുതെന്ന വിവരം
ബ്രഹ്മാവു, മുൻചൊൽകയാ-
ലെല്ലാം തീര്‍ന്നതുമൊന്നഴിച്ചു പണിയാം
നൽക്കമ്പി നീട്ടീടുവാൻ
ഉല്ലാസത്തൊടിനിബ്ഭവാനു വരുവാൻ
തക്കോരു കാലത്തില-
ങ്ങല്ലാതേ സഭകൂടുകില്ല നിയതം
ഞാനേറ്റു, തെറ്റായ്‍വരാ.


മാനം ചേര്‍ന്ന കവേ! മനോരമവഴി-
ക്കായിബ്ഭവന്നാടകേ
ഞാനഞ്ചാതെ പറഞ്ഞ പദ്യമതിലൊ
ന്നാമർദ്ധമൊന്നായതിൽ
നൂനം ചേലൊടു നാടകത്തിനുടെ പേ-
രൊത്തുള്ളതാണായതിൻ -
സ്ഥാനം ചെറ്റുമുരയ്ക്കയില്ലതു ഭവാൻ
നോക്കിപ്പിടിച്ചീടണം


ഇഷ്ടന്മാരൊരുമിച്ചു പണ്ടൊരുദിനം
കുഞ്ഞക്ഷമാനായകൻ
പുഷ്ടശ്രീ വദന്തികത്തിലകലൻ
വന്നന്നമന്ദാദരം
ഒട്ടേറെത്തിരതിങ്ങിവിങ്ങിവിലസും
വാരാശിവക്കത്തിരു-
ന്നിഷ്ടംപോലെ തകർത്തതുൾക്കളമതിൽ
ത്തോന്നുന്നതുണ്ടോ സഖേ!


അന്നേരത്തതിൽ വച്ചൊരാളവിടെ നി-
ന്നേറ്റങ്ങു കാണാതെ പോയ്
പിന്നിൽച്ചെന്നു കഴിച്ചു താങ്കളെയതിൽ
ചാടിച്ചതോര്‍ക്കുന്നിതോ?
പിന്നെത്താങ്കൾ പിടഞ്ഞുകൊണ്ടവിടെനി-
ന്നേറ്റിട്ടു നന്നായിതെ-
ന്നന്നാൾ ചൊല്ലിയതാരൊടാണവനിര-
ന്നീടുന്നു തേ നാടകം