കൊടുങ്ങല്ലൂർ 12_6_68
പനിമതിത്തളിർ ചൂടി വിളങ്ങുവോ-
ളനുമിതിപ്രിയമധ്യമുലഞ്ഞുടൻ
സ്തനമതിട്ടു കുലുക്കി മദീയമാം
മനമതിൽ ഗിരിപുത്രി കളിക്കണം.
ധനുവിലൊരുദിനത്തിൽത്താങ്കൾ വിട്ടോരു കത്തി-
ങ്ങനുപമഗുണരാശേ! കിട്ടിയില്ലൊട്ടുമല്ലോ;
പ്രണയബഹളഭാവം മൂത്തിനിക്കങ്ങയോടായ്
പ്രണയകലഹമായിത്തമ്മിൽ മൌനം ഭജിച്ചു.
ഇക്കണ്ടിനിക്കുമതുപോര ഭവാനുമെന്നു-
വെയ്ക്കണ്ട സർവ്വമലയാളിനിരയ്ക്കുമൊപ്പം
ഉൾക്കൊണ്ട സങ്കടരസം വിതറും കൃതാന്ത-
നിഷ്ക്കണ്ടകത്വമിതിലും പുറമേ പെരുത്തു.
"രണ്ടോ നാലോ വയസ്സാകിയ ശിശുജനവും
വെണ്മണിശ്ലോകമൊന്നോ
"രണ്ടോ നാവിൽഗ്രഹിക്കും കലി"തരസഭരം
കേൾക്കുവോരാദരിക്കും
വീണ്ടും നമ്മൾക്കിവണ്ണം ഗുണമുതകിയെഴും
വെണ്മണിക്ഷ്മാസുരൻ താ-
നണ്ടര്‍ക്കും ദൈത്യതുല്യം കവി ഗുരു ഗുണമേ-
കീടുവാൻ പോയിതല്ലോ.''
നന്മയിലിപ്പദ്യം താൻ
വെണ്മയിലങ്ങാ മനോരമയ്ക്കെഴുതൂ;
നമ്മുടെ കയ്യിളകുന്നി-
ല്ലിമ്മട്ടിൽ കഷ്ടവാര്‍ത്തയെഴുതിവിടാൻ.
പരമേശ്വരമേനവൻ സഖേ!
പരമേശുന്നഴലങ്ങറിഞ്ഞിടാൻ
പരമൊന്നെഴുതീട്ടുമുണ്ടിതിൽ
പരമൊന്നല്ലതു കിട്ടിതേ ദൃഢം.
പലതരമുളവായ ഹേതുവാൽ
ചിലതവണയ്ക്കു വിലേഖനക്രമം
കലിതലഘുവിളംബമാകിലും
ചലിതസഹൃൽക്രമനായിടായ്ക നീ
ഭാരതം ഭാഷയാക്കീടും
ഭാരതന്ത്രം ഭരിച്ചു ഞാൻ
ഭൂരിതൽപ്പരനായ്ത്തീര്‍ന്നു
ഭൂരിനാശം നിനയ്ക്കെടോ!
ചൂഡാമണിനാടകവും-
കൂടിബ്ഭാഷപ്പെടുത്തിടാനിടയിൽ
ചാടിത്തുടങ്ങി ഞാനതു-
കൂടിപ്പറ്റിച്ചു മുക്കാലും
പ്രാണപ്രിയത്വമെഴുമഗ്രജത്തിനുള്ളൊരീ നി-
ര്യാണപ്രസംഗമതുതൊട്ടു മനസ്സുകെട്ടു
ത്രാണിപ്പെടും പ്രണയികൾക്കെഴുതാനുമങ്ങു
കാണിപ്പൊഴിത്രവളരെ പ്രകൃതം പ്രയാസം.
എന്നാലുമങ്ങിതുവിധം പ്രണയപ്രകോപ-
ത്തിന്നാലുദൃഢബഹുസംശയമോതിടുമ്പോൾ
തന്നാലിനിക്കൊരു പുറത്തു കുറച്ചു ജീവ-
നെന്നാലിരുന്നെഴുതിടാതെ നിവൃത്തിയുണ്ടോ?
ശ്ലോകപ്പാടു വെടിഞ്ഞുരു
ശോകപ്പാടായ്ക്കിടന്നുവലയും ഞാൻ
ആകപ്പാടേ കവിതാ
പാകപ്പാടിന്നി വെടികയാണുചിതം.
പുരുദുഃഖപൂരപാരാവാരതരംഗഭംഗിഭംഗുരതിമിംഗല
സങ്കടസമ്പാതസംഭാവിതപോതമദ്ധ്യദ്ധ്വജാഞ്ചല ചഞ്ച
ല പടപടലലോലതന്തുലേഖായിതചേതോവികാരദുർവ്യാ
പാരപാരദൃശ്വാ തവ സൗഹൃദയ്യസഹാദ്ധ്യായി.