കൊടുങ്ങല്ലൂർ 25 ഇടവം 66
സംഗീതപാടവമിനിക്കു നിനച്ചിടുമ്പോൾ
ഭംഗിക്കു ചൊല്ലിടുകയല്ലൊരു ലേശമില്ല;
മങ്ങി മനസ്സതുവശാലിഹ താങ്കൾ തീര്‍ത്ത
“സങ്ഗീതമഞ്ജരി" മുറയ്ക്കിഹ നോക്കിയപ്പോൾ.
അര്‍ത്ഥകല്പന, പദങ്ങൾ ഭംഗിയിൽ
ചേര്‍ത്തു കൊല്പിനൊടു തീർത്ത മട്ടുകൾ
ചിത്തഭിത്തിയിലിതൊക്കെയിപ്പൊഴും
ചിത്രകൃത്യമുതകുന്നതുണ്ടു മേ.
ഞാനിപ്പോളൊരു നാടികാവിരചന-
ത്തിങ്കൽ പ്രവേശിക്കയാൽ
തേനെപ്പോഴുമൊലിച്ചിടും കൃതിയെഴും
നിൻകത്തിനങ്ങുത്തരം
സാനന്ദം വിടുവാനിനിക്കിതുവരെ-
പ്പറ്റീല, പഥ്യം പെരു-
ത്തോനെന്നാലിതുകൊണ്ടു താങ്കളഹിതം
കൊള്ളില്ല തെല്ലും ദൃഢം.
ഞാനങ്കുരിച്ച കുതുകത്തോടു തീർത്തു തീര്‍ത്തു
മൂന്നങ്കമാക്കിയൊരുമട്ടിനിയുള്ളാരങ്കം
ഏണാങ്കചൂഡദയിതയ്ക്കനുകൂലഭാവ-
മാണങ്കിലല്പദിവസത്തിനകത്തു തീരും.
ഇനിയും നാടികയെഴുതാൻ
തുനിയട്ടേ, കത്തെഴുത്തു നിര്‍ത്തട്ടേ;
അനുപമഗുണഗണജലധേ!
നനു പത്രാപ്തിഃ പരം പരസ്താന്നഃ