കോട്ടയ്ക്കൽ 6-4-82
മനോജമഥനന്റെ വന്മതിമയക്കി മട്ടാക്കിടും
മനോഹരമയാംഗിയാം മലമകൾക്കു മന്മാനസം
മനോരഥമസംഖ്യമാമതു മടക്കി മന്ദേതരം
മനോമറികൾ മാറുമാറമലഭക്തി നൽകുന്നു ഞാൻ.
വയ്ക്കത്തഷ്ടമിനാളകന്നു മരുവും
നോന്തമ്മിലൊന്നിച്ചു ചേര്‍-
ന്നൊക്കത്തക്കൊരു യോഗമുണ്ടവിടെ വെ-
ച്ചെന്നോര്‍ത്തിരുന്നോരു ഞാൻ
തിക്കത്തക്കതിടുക്കമോടുമുടനേ
ചിന്തിച്ചിരിക്കാത്തൊരാ-
വര്‍ക്കത്തറ്റൊരു ജോലിമൂലമിവിടെ
ക്കോട്ടയ്ക്കലെത്തീടിനേൻ.
മറിവേറിന സാഹസപ്രവൃത്തി-
ക്കുറിവെച്ചിങ്ങിനെ കൈനടത്തിടും ഞാൻ
ശരിയാംപടി ഭാരതം കഴിച്ചാ-
ഹരിവംശത്തിലിറങ്ങി നിന്നിടുന്നേൻ.
അതിലൊട്ടൊരു പാതിയോളമായി
മതിയോടും സുമതേ! മടുത്തതില്ലാ;
ധൃതിയോടൊരു മാതിരിക്കു ചെല്ലും
കൃതി മേടത്തിൽ മുടിപ്പനെന്നു മോഹം.
മഹിതാഹിത സാഹസം തുടങ്ങും
മഹിമാവേറിന സൽക്രിയാപ്രയത്നം
സ്വഹിതപ്പടി തീരുകിൽസ്സഖേ! നാം
സഹിതാനന്ദഭരം കൃതാര്‍ത്ഥരായി.
ഇനിയുണ്ടതിമോഹമൊന്നതും ഞാൻ
കനിവേറുന്ന ഭവാനൊടോതിയേയ്ക്കാം;
തനിയേ നിറവേറ്റിടാവതല്ലൊ-
ന്നിനിയങ്ങുന്നു മതിൽത്തുണച്ചിടാമോ?
പതിനെട്ടു പുരാണവും തുടങ്ങാ-
മതിനൊട്ടല്ല കണക്കു നാലുലക്ഷം;
അതിസാഹസമാണിതിങ്ങൊരാൾ ഞാൻ
മുതിരുന്നാകിൽ മുടിക്കുവാൻ പ്രയാസം.
പല സൽക്കവിവര്യരൊത്തുകൂടി-
പലനാൾ വേലയെടുക്കിലങ്ങൊടുക്കം
ഫലവത്തരമാം പെരുത്തു പുണ്യം
ഫലമെന്നല്ലറിയും ഹൃദിസ്ഥമാക്കാം
സുമതേ! ബഹു ജോലിയുണ്ടുനേരം
ക്രമമായ്‍ക്കിട്ടിടുവാൻ പ്രയാസമാവും
മമ സാമ്പ്രതമെന്നു ചൊല്ലിടൊല്ലേ
മമതാവാരി നിധേ! മടിച്ചിടൊല്ലേ.
ഒരുനാളൊരു രണ്ടുനാഴികയ്ക്കീ-
യൊരുവേലയ്ക്കിടകിട്ടിടാതെയാമോ?
ഒരുമട്ടുപിടിച്ചുദിച്ചിടും മു-
മ്പൊരു സത്താകുമുണർച്ച ചട്ടമാക്കൂ.
അതുമാത്രമിനിക്കുവേണ്ടിയങ്ങു-
ന്നതിസൌഹാർദ്ദനിധേ! കരാറുചെയ്താൽ
മതിമന്മകുടത്തിലുള്ള മുത്തേ,
മതി കാര്യം സഫലീകരിച്ചുകൊള്ളാം.
പുരാണമിത്രമേ! പുണ്യം
പുരാണം ഗാരുഡം ഭവാൻ
വരാതിസൽക്കവേ! വീഴ്ച -
വരാത്ത ഭാഷയാക്കെടോ!
മടിച്ചിരുന്നാൽപ്പറ്റില്ലാ
പിടിച്ചിതെഴുതിച്ചിടും;
അടിച്ചുമാറൂ കാണട്ടേ
പടിച്ചുള്ളോരു കൌശലം.
കവിതയ്ക്കൊരുമാതിരിക്കു ശീലം
കവിയും മാതിരി കയ്യിലൊത്തിരിക്കേ,
കവിപുംഗവ! നൽപ്പുരാണഭാഷാ-
ക്കവിതാപദ്ധതി കൈവെടിഞ്ഞിടൊല്ലേ
മാറ്റുകൂടിന കവീന്ദ്ര ഗാരുഡം
മാറ്റുകൊണ്ടൊരു പുരാണമുത്തമം,
ഏറ്റുവാങ്ങുക ചിരിപ്പതെന്തു ത-
നേറ്റുചൊല്ലുകിതു ഭാഷയാക്കുവാൻ.
പതിനെട്ടു പുരാണവും നമുക്കീ
ദ്ധൃതിയിൽബ്ഭാഷയിലാക്കി വിട്ടിടേണം;
മതിയായ കവീന്ദ്രർ പിന്തുണച്ചാ-
ലതിനീ ഞാൻ തലകാട്ടിയേറ്റുനിൽക്കാം.
ആരും തുണയ്ക്കില്ലിതിനെന്നു വന്നാൽ
ച്ചേരുംവിധം ഞാൻ കഴിയുന്നപോലെ
താരുണ്യഗർവ്വാൽപ്പറയുന്നതല്ലാ
നേരുള്ളതോതാം പടുവേല ചെയ്യും.
ഇന്നിരിക്കേബ്ഭവാൻ നന്നാ-
യൊന്നിനിക്കു തുണയ്ക്കുകിൽ
നന്ദിയൊട്ടല്ലെടോ കാര്യം
മന്ദിയാതെ നടക്കുമേ.
പ്രയത്നിക്കമാത്രം നമുക്കുള്ള കൃത്യം,
പ്രയത്നം ഫലിപ്പിക്കലാദ്ദൈവകൃത്യം,
സ്വയം ചെയ്യണം നാം മനുഷ്യപ്രയത്നം
സ്വയത്നം പരാശക്തി സിദ്ധാർത്ഥമാക്കും.
ആറ്റുനോറു വലുതാപേക്ഷയെ-
പ്പേർത്തുമിങ്ങിനെ തുടര്‍ന്നുരച്ചതിൽ
ഏറ്റുചൊന്ന മറുകത്തു കിട്ടവാൻ
കാത്തുകൊണ്ടിവിടെ വാണിടുന്നു ഞാൻ