Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 148

148

കൊടുങ്ങല്ലൂർ


മുടിയിൽ ഗംഗയുള്ളോന്റെ
മടിയിൽക്കുടികൊണ്ടവൾ
അടിയിൽക്കുമ്പിടുന്നോരീ-
യടിയങ്ങൾക്കൊരാശ്രയം.


ഒട്ടോ കാലം കത്തെഴുതി
വിട്ടോരോന്നോതിയിട്ടു നോം
മട്ടോര്‍ത്താൽക്കഷ്ടമേ വേഴ്ച
കെട്ടോയെന്നും ഭ്രമിച്ചുപോം.


പക്ഷേ ജോലിത്തിരക്കിന്റെ
വിക്ഷേപം മൂലവും സഖേ!
സൽക്ഷേമരാശേ! മടിതൻ
പക്ഷേ വാണതുമാണു നാം.


ഇങ്ങോട്ടെഴുത്തു കണ്ടല്ലാ-
തങ്ങോട്ടെഴുതുകില്ല ഞാൻ
അങ്ങോര്‍ത്തിരിക്കുമീവണ്ണ-
മിങ്ങോര്‍ത്തില്ലിതു വാസ്തവം.


ഭാരതം ഭാഷയാക്കുന്ന
ഭാരതന്ത്രത്തിരിപ്പിനാൽ
പാരം തിരിഞ്ഞു ഞാൻ പിന്നെ
പാരം തീരം തൊടുംവരെ.


ലോഭേഷ്യാദുഃഖദുഷ്ടന്നും
കലിക്കൂരിരുൾ നീങ്ങുവാൻ
സൌഖ്യനാളപ്രദീപം നൽ
ക്കല്യാണം കാണ്‍ക ഭാരതം.


കലിവാസരസംഖ്യേയം
കലിതാദ്യന്തസൂചികാ
ലലിതാക്ഷരവിന്യാസ
ഫലിതാര്‍ത്ഥാവധാര്യതാം.


അരിയോരു മുറയ്ക്കിപ്പോൾ
ഹരിവംശം തുടങ്ങി ഞാൻ
ശരിയോ പിഴയോ രണ്ടോ-
ഹരിയോരോന്നു കാണുമേ.


തെറ്റുള്ളേടം തിരുത്തട്ടേ
തെറ്റു കാണുന്ന സജ്ജനം
മറ്റുള്ളോർ വേലചെയ്തെന്നേ
പറ്റുള്ളൂ പിഴയും ശുഭം.


"അബദ്ധോക്തിരബദ്ധാചേൽ
സുബദ്ധാന്യോക്തിതശ്ശുഭാ"
ഇതി സ്മ സന്തസ്തുഷ്യന്തി
മഹാന്തോ ഗുണഗൃദ്ധ്നവഃ.


തങ്കന്നിഷ്ഠയൊടൊത്തു ഭാരതമഹാ
ഭാഷാന്തരം തീര്‍ക്കിലേ
ശങ്കുണ്ണിക്കെഴുതുള്ളു മൂപ്പരിടയിൽ
കത്തേകിയാലും ശരി
എൻകൂറുള്ളവനക്കവീന്ദ്രനിവനോ-
ടി ... ... ... ... ... തെങ്കിലും
മുൻകൂറായ് ചിലതോതിയാലതു ഗുണം
ഭാഷാന്തരക്കയ്യിനും.


എന്നു നിനച്ചേനെന്നാ-
ലൊന്നും മിണ്ടീല താങ്കൾ ഗുണദോഷം
എന്നുടെ പുതുകൃതിവഴി ന-
ന്നെന്നും മറ്റും നിനയ്ക്കകൊണ്ടിട്ടോ.


കുററം പലതും കാണുമൊ-
രറ്റം തൊടുകില്ലതൊക്കെയെഴുതിടുകിൽ
ചിറ്റിങ്ങിനെകണ്ടിട്ടോ
തെറ്റിതിലങ്ങെന്തു പറയാഞ്ഞൂ?