കോട്ടയ്ക്കൽ 6-ധനു-80
മഹാഭാരതം തീര്‍ത്ത യോഗീന്ദ്രനുള്ളാ-
മഹാഭാരമാംവേല മൂവാണ്ടിനാലേ
സഹായിച്ചു തീര്‍പ്പിച്ച വിഘ്നേശനിൽത്താൻ
സഹാസം കടാക്ഷിച്ച കാളിക്കു കൂപ്പാം.
സഖേ! നൊമ്മളന്യോന്യമായ് ക്കത്തയച്ച-
ഖേദം വിനോദിച്ചിരുന്നോരു കാലം
മുഖേവന്നു ചാടുന്ന പദ്യപ്രവാഹം
സുഖേന സ്മരിക്കുന്നതുണ്ടോ ചിലപ്പോൾ
അതിഭാരത്തിൽത്തലയി-
ട്ടതിനാലിടയില്ലിനിക്കു കളിയെഴുതാൻ
മതിമൻ! കാര്യം ചൊന്നാൽ
മതിയല്ലോ കേട്ടുകൊൾക സാനന്ദം.
ഭാരതം ഭാഷയാക്കുന്ന
ഭാരമാരണ്യകത്തിൽ മേ
പാരം പിടിക്കുമാറായി
പാരസ്സംക്രമമന്തമാം.
മകരത്തിൽ വിരാടപർവ്വവും
സുകവേ! തീര്‍ക്കണമെന്നൊരാശ മേ
സകലം മലമങ്കദേവിയാ-
ളകളങ്കം തുണചെയ്തിലൊക്കുമേ.
അക്കാര്യം നിന്നിടട്ടേ ചിലതു കവിമണേ!.
ഞാൻ ഭവാനൊടിരപ്പാ-
നിക്കാലം ഭാവമുണ്ടായതു തവ കൃതിയാ-
യച്ചടിച്ചുള്ളതെല്ലാം
ഉൾക്കാമ്പിൽ പ്രീതിയോടെന്നുടെ ലിഖിതമിത-
ങ്ങെത്തി വായിച്ചുതീര്‍ന്നാൽ
നില്ക്കാതിങ്ങോട്ടയച്ചീടണമരിയ തപാൽ-
മാര്‍ഗ്ഗമെന്നാണു താനും.
ഇതിനൊരമാന്തവുമരുതെ-
ന്നതിനി പ്രത്യേകമെഴുതിടേണ്ടല്ലോ;
കൃതികൾ മുദാ വായിക്കും
കൃതിയേ കൃതിയാകയുള്ളവെന്നില്ലേ?
അങ്ങടെ വായനശാല-
യ്ക്കങ്ങതലങ്കാരമായിരിക്കട്ടേ!
നിങ്ങടെ കൃതി മറ്റുള്ളവർ
തിങ്ങളിലൊരുകുറിയിരുന്നു വായിക്കും.
കോട്ടയ്ക്കൽ പോസ്റ്റുണ്ടിഹ
കോട്ടംകൂടാതയക്കിലുടനെത്തും;
ആട്ടേ പുസ്തകബങ്കി വ-
രട്ടേ കത്തും കുറിച്ചയയ്ക്കണമേ!