അണ്ണൻ തൊട്ട കിടാങ്ങൾ കണ്ടു ബഹളം
കൂട്ടേണ്ട ഗൂഢംവരൂ;
കണ്ണന്നെന്നുടെ പാൽക്കുടങ്ങൾ സരസം
ഞാൻതാൻതരാം തേൻതരാം
തിണ്ണന്നേവമകറ്റി നന്ദസുതനോ-
ടൊന്നിച്ചുപോയിഷ്ടമാം-
വണ്ണം തൃപ്തികൊടുത്തൊരച്ചതുരയാം-
ശ്രീ രാധയേക്കൈതൊഴാം.
ഒരു സങ്കട പഞ്ചകം
പന്തിരാണ്ടൊരുപോലെ ഞങ്ങൾ സരസം
തൻകൈവശം വെച്ചഹോ
മുന്തീടും രുചിയോടു പദ്യകൃഷിയും
ചെയ്തേറ്റകണ്ടങ്ങളും
എന്തീയ്യാണ്ടറുതിക്കു ഗദ്യരചന-
ക്കാർവന്നു കൈകേറുവാൻ
വെന്തീടുന്ന മനസ്സൊടാരൊടറിയി-
ച്ചീടുന്നിതിസ്സങ്കടം?
കൊട്ടാരത്തിലെഴും കവിപ്രവരനാം
ശങ്കുണ്ണിയും ഞാനിനി-
തൊട്ടാൽപ്പറ്റു മനര്‍ത്ഥമെന്നൊഴിയുമാ-
റായ് വന്നതോര്‍ക്കും വിധൌ
മുട്ടാതന്നു മനോരമാനിലമുടി-
ക്കണ്ടം കൃഷിക്കാദ്യ മേ-
പ്പെട്ടാനല്ലൊരു പദ്യവിത്തുടയവര്‍-
ക്കേറില്ലയോ സങ്കടം?
മാനംചേര്‍ന്ന മനോരമേ! മഹിമയാർ-
ന്നേവം "ക്ഷമാ"രൂപയാ-
യൂനംവിട്ടു പൊളിച്ചെഴുത്തുസമയം
പെട്ടന്നിരട്ടിച്ച നീ
നൂനം ഞങ്ങളെ നന്ദിയെന്നിയെയുപേ-
ക്ഷിച്ചെങ്കിലും കേവലം
മൌനം പൂണ്ടമരില്ല ഞങ്ങൾ പറയും
കണ്ടോരൊടിസ്സങ്കടം.
സത്യം ഞങ്ങൾ കുറച്ചുനാളിനകമേ
താന്താങ്ങൾ ചെയ്യേണ്ടുമ-
കൃത്യം തെല്ലൊരമാന്തമാക്കി ശരിയാ-
ണെന്നാലുമിന്നീവിധം
അത്യന്തം കടുഭാവമോടുടനൊഴി-
പ്പിക്കേണ്ടതുണ്ടോ വൃഥാ
നിത്യം തെണ്ടിയുഴന്നിടേണ്ടനിലയാ-
യല്ലോ മഹാസങ്കടം.
പണ്ടത്തെ പ്രതിപത്തിവിട്ടു പരമ
പ്പത്രാധിപൻ ഞങ്ങൾതൻ
കണ്ടത്തെ പ്രതികക്ഷികൾക്കു നിയമി-
ച്ചേല്പിച്ചുറപ്പിച്ചതിൽ
കിണ്ടത്തിൽപ്പിണയുന്ന ഞങ്ങൾ മുറപോ-
ലന്യായവും മറ്റുമായ് -
ക്കൊണ്ടെത്തീട്ടു ജയിക്കുമപ്പൊളൊഴിയും
വല്ലാത്തൊരിസ്സങ്കടം.
ഇങ്ങിനെ 'സങ്കടപഞ്ചക'-
മങ്ങിനി വായിച്ചനോക്കി നന്നാക്കി
തിങ്ങിന രസവുമിണക്കി
ട്ടെങ്ങിനെ വേണ്ടുന്നതങ്ങിനെ കൊടുക്കൂ
തൽക്കാലമിത്രമതി മറ്റൊരു ജോലികൊണ്ടി-
ട്ടിക്കാലമെന്റെ മതിമാറ്റുക വേണ്ടിവന്നൂ
ഉൾക്കാമ്പലിഞ്ഞപടി നാടകവായനയ്ക്കു
നില്ക്കാതെ ശിഷ്യർ ചിലരേറ്റമലട്ടിടുന്നൂ.
വരട്ടേ താനെന്തോ മടിയെയുമടുത്തെന്നെയുമണ-
ചിരട്ടപ്പുച്ഛത്തിൽച്ചിലതെഴുതിയില്ലേ പുനരതിൽ
പിരട്ടേറും തന്നോടൊരുമൊഴി പറഞ്ഞോട്ടെ യതുമെൻ
കുരുട്ടെന്നോര്‍ക്കേണ്ടാ മടിയിലിരുപേരും ശരിയെടോ.
ഞാൻ താങ്കൾക്കെഴുതായ്ക്കിലും കവിമണേ!
മുൻമട്ടു മാറ്റാതുടൻ
താൻ താങ്കൾക്കനുരൂപമാം പണി നട-
ത്തീടുന്നതുണ്ടെങ്കിലോ
ഞാൻ താനീപ്പഴികൾക്കുപാത്രമിവിടെ
ത്തുല്യസ്ഥിതിക്കാകയാൽ
താൻതാങ്ങൾക്കപരന്റെ തെറ്റു പറയാ-
നില്ലൊന്നു മെന്നോര്‍ക്കണേ!