ഭാഷാപോഷിണിയെന്ന പണ്ഡിതസഭാ-
യോഗത്തിലും മെച്ചമായ്
ഭാഷാപോഷണവൃത്തിതാനൊരുവനായ് -
ച്ചെയ്വാനൊരുങ്ങും ഭവാൻ
ഭേഷായ്ത്തീര്‍ത്തുവരുന്നതേതുവരെയായ്
നില്ക്കുന്നു രാമായണം
ഭാഷാകാവ്യമിതാദരിച്ചു വെളിവിൽ-
ക്കാണ്മാൻ കൊതിക്കുന്നു ഞാൻ.
പലവക ഗൃഹഭാരം നോക്കുമങ്ങുന്നിതിന്നും
ചിലസമയമൊരുങ്ങിക്കൊൾകിലീക്കാവ്യകര്‍മ്മം
അലസത കലരാതേ സിദ്ധമാം, വൻതപസ്സിൻ
നിലയിലെഴുതിയില്ലേ പണ്ടു വാത്മീകികാവ്യം
മഹാകാവ്യത്തിനുള്ളോരു മഹാലക്ഷണമൊക്കയും
മഹാകവേ! ഭവാൻ ചേര്‍ത്തീമഹാകാവ്യം കഴിച്ചിതേ.
വാച്ച രാമായണം കാവ്യം തീര്‍ച്ചയായ്ത്തീർന്നിരിക്കുകിൽ
അച്ചടിക്കാതെയൊളിവിൽ വെച്ചടയ്ക്കായ്ക്‍വേണമേ.
മിടുക്കെഴും താങ്കൾ മനോരമയ്ക്കു
കൊടുക്കുകെൻ പേര്‍ക്കിതു നാലു പദ്യം
അടക്കമാണ്ടോരു കുറുപ്പു പദ്യ-
പടക്കളം പൂക്കു പയറ്റിടട്ടേ.
ഒടുവിൽ കുഞ്ഞിക്കൃഷ്ണൻ
നടുവത്തച്ഛൻ മഹൻ ശിവൻ മുതൽ പേർ
പടുതയൊടിളകിവരട്ടേ
വിടുക ഭവാൻ പേർവിളിച്ചു കൂക്കിവിളി.