Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 137

137

കൊടുങ്ങല്ലൂർ 8-3-77


ആണമ്മയാണച്ഛനൊരര്‍ദ്ധഭാഗ-
മാണല്ല പെണ്ണാണതിനില്ല ഭേദം
ആണത്തമോടിങ്ങിനെ വിശ്വലോക
ത്രാണത്തിനുണ്ടായ മഹൻ സഹായം.


കുശലൻ കലശേഖരക്ഷിതീശ-
ന്നശനൈർജ്ജന്മദിനർക്ഷമംഗളത്തിൽ
ദൃശമാദരവോടു താങ്കൾ കൂറിൻ
വശരായ് പോയതു ഞാനറിഞ്ഞിതന്നെ.


വായ്ക്കരയ്ക്കവിടെവെച്ചു രോഗവും
വായ്ക്കുമാറു പിടിപെട്ടു കേട്ടു ഞാൻ
യോഗ്യവൈദ്യനുമിവണ്ണമുള്ള ദൌർ-
ഭാഗ്യയോഗവിധി ദൈവകല്പിതം.


ആമയാവിനയശക്തിമൂലമാ-
മാമയാവിനില നാട്ടിൽ വന്നുടൻ
ആമയാപനവഴിയ്ക്കു തീര്‍ത്തതും
നാ മയാപിതരസം ശ്രവിച്ചതേ.


ഗുരുശുശ്രൂഷയിലവസര-
ഗുരുശുഭസമ്പത്തു നേടിയിതിനിടയിൽ
ഗുരുഗുണരാശേ! താൻ നിജ
ഗുരുഗുണവൃദ്ധിക്കു പലിശവാങ്ങിയിതോ.


ഇതാണെടോ! സൽഗുരുശിഷ്യഭാവ-
ഹിതാത്മകര്‍മ്മക്രമസംവിഭാഗം
നിതാന്തമങ്ങീക്രിയ ചെയ്കയാലേ
കൃതാര്‍ത്ഥനായെന്നതിനില്ല വാദം.


കത്തിനുത്തരമീനിത്യവൃത്തികൊണ്ടൊന്നു നീണ്ടതില്‍
തൃപ്തിയല്ലാതൊട്ടുമൊരതൃപ്തി തോന്നില്ലൊരുത്തനും.


മേലാൽ മനോരമാപത്രകോലാഹലമവിശ്രമം
ചേലായ് ത്തുടങ്ങുകങ്ങെന്തെന്നാലാതിനു ഞാൻ തുണ.


ധന്യനാകും ഭവാനോടി-
ന്നൊന്നു ചോദിച്ചിടുന്നു ഞാൻ
എന്നുണ്ടിനി വടക്കോട്ടേ-
യ്ക്കെന്നു കല്പിക്ക സന്മതേ!


സ്കൂളിൽപോകാൻ നേരമായ് പാരമിപ്പോൾ
താളംതെറ്റും താമസിച്ചാൽ ഗുണാബ്ധേ!
കോളില്ലൊന്നും വിസ്തരിപ്പാനിദാനീം
കാളും മോദാൽ പിന്നെയാം ശേഷമെല്ലാം.


അഴകത്തു കുറുപ്പിനായ്കുറിച്ചോ-
രഴകൊത്തീടിന പദ്യമത്രനാലും
വഴിപോലെ മനോരമയ്ക്കു ചേര്‍ക്കാൻ
വഴിയും മോദമൊടേകിനേൻ ഗുണാബ്ധേ!


നടുവത്തച്ഛൻ മുതൽചേര്‍ക്കുടനേ
ചിലപദ്യമത്ര തീര്‍ത്തുവിടാൻ
കടലാസൊടു പേനയതും
ഝടിതിയിതാ ഞാനെടുത്തു ഗുണരാശ!