കൊടുങ്ങല്ലൂർ 19-12-76
മുടിയിൽപ്പുഴയാംഗിരീശനാർ
മടിയിൽപ്പുൽകിയിരുത്തുമംബികേ!
അടിയൻപൊടു കുമ്പിടുന്നൊരീ
യടിയന്മാര്‍ക്കരുളേണമേ സുഖം.
വളരെ വളരെ നാളായ് തങ്ങളിൽക്കത്തുപോലും
വളരുമൊരു മമത്വം പാര്‍ത്തയച്ചിട്ടു പക്ഷേ
കളവുപറകയല്ലേ കല്പിതപ്രൌഡികാട്ടും
കളകവിതകൾ കേൾപ്പാൻ യോഗമില്ലായിരിക്കാം.
ഏവം മനസ്സിൽനിരുപിച്ചു മടിച്ചു മൌന-
ഭാവം ഭജിച്ചു മരുവുന്നതു കഷ്ടമല്ലേ?
ഹേ! വമ്പനായ സുകവേ! കവിതാപ്രയോഗാ-
ഭാവം പരം സരസതയ്ക്കൊരു നഷ്ടമല്ലേ?
അതുകൊണ്ടു മനോരമയ്ക്കു സേവ-
യിതു പുഷ്പാഞ്ജലിയെന്നുവെച്ചിദാനീം
പുതുതാകിന പദ്യപുഷ്പമേകു-
ന്നതു ഭാഷാന്തരമായണച്ചിടേണം.
എന്നല്ല നല്ല ഭവദീയകവിത്വവൃക്ഷ.-
മൊന്നല്ല നല്ല പുതുപൂക്കൾ നിറച്ചുപൂക്കേ
അന്നന്നു വീണകൾ തേൻ കളയാതെടുത്തു-
തന്നെന്നുദാരമമതയൂരസം വരുത്തൂ.
വഞ്ചിക്ഷോണിക്കു വന്നീടിന വലിയ വിപ-
ത്തൊക്കെയും ദൈവമേവം
വഞ്ചിച്ചിട്ടുൽഭവിച്ചെന്നൊരു പഴയസമാ-
ധാനമുണ്ടായിരിക്കാം
നെഞ്ചിൽപ്പക്ഷേ നമുക്കീയ്യഴലിലിതു പിടി-
ക്കില്ല വൻകോളിളക്കം
വഞ്ചിക്കെന്നാപ്രകാരം മറിവു പലവിധം
തന്നു താഴ്ത്തുന്നു ചിത്തം.
നിത്യംദുർഘട സങ്കടക്കടൽനടുക്കായിക്കിടന്നാണ്ടുകൊ-
ണ്ടത്യന്തം കഷണിച്ചിടുന്ന കഥ ഞാനന്നന്നറിഞ്ഞീടിലും
സത്യം കേരളവർമ്മദേവനനുതാപക്കര്‍ത്തു നേരിട്ടിതിൽ
പ്രത്യക്ഷത്തിലയയ്ക്കുവാനുമിവനില്ലാധൈര്യമിന്നേവരെ.
വന്മാനം പൂണ്ട വഞ്ചീശ്വരനിതുവിധമ-
ത്യുൽക്കടാപത്തിലുള്ളി-
ന്നുന്മാദം പെട്ടുപോകാഞ്ഞതു ഗതികെടുമീ-
നാട്ടുകാര്‍ക്കുള്ള ഭാഗ്യം
ദുര്‍മ്മായം ദുഷ്ടദൈവത്തിനു പലവിധവും
കാട്ടിടാം മര്‍ത്ത്യരോടീ
നര്‍മ്മാവേശം തുടര്‍ന്നാൽ വിഷമമിഹ കു-
ഴങ്ങില്ലയോ സാധുലോകം
ആഘാതം പരിചുംബിതംപരിമുഹുർല്ലീഢംപുനശ്ചര്‍വ്വിതം
ത്യക്തംവാ ഭൂവിനീരസേനമനസാ തത്രവ്യഥാം മാകൃഥാഃ
ഹേ സദ്രത്ന! തവൈതദേവകുശലം യദ്വാനരേണാദരാ
ദന്തസ്സാരവിലോകനവ്യസനിനാചൂര്‍ണ്ണീകൃതം നാശ്മനാ.
ഉല്ലാസത്തൊടെടുത്തുനാറ്റിയുടനേ
ചുംബിച്ച നക്കിച്ചവ-
ച്ചെല്ലാം നീരസമെന്നഭാവമൊടെറി-
ഞ്ഞെന്നോർത്തു ദുഃഖിക്കൊലാ
ചൊല്ലാര്‍ന്നീടിന രത്നമേ! കപിയക-
ത്തെന്തെന്നറിഞ്ഞീടുവാൻ
കല്ലാൽക്കുത്തിയുടച്ചിടാഞ്ഞതു നിന-
ക്കൊട്ടേറെയും ഭാഗ്യമാം.
ഇതു മുമ്പൊരിക്കലിഹ ഭാഷയാക്കിയെ-
ന്നതുവെച്ചു വിട്ടുകളയേണ്ടതല്ലെടോ!
പുതുതായ് വരുന്ന കവികൾക്കു കേവലം
കൊതുവാണിതൊട്ടു കടിപറ്റുവാൻ മതി.