കൊടുങ്ങല്ലൂർ 20 മീനം 74
കനൽക്കണ്ണസ്വാമിയ്ക്കുടയ മതിധൈര്യത്തിനധികം
കനക്കേടേകീടും കടമിഴി കളിപ്പിച്ചിടുമുമേ!
മനസ്സിന്നോരോരോ മുറിവുകൾ വരാതെന്മനമഹാ-
മനസ്ഥാനം കേറിക്കനിവൊടു സദാ വാണിടണമേ.
ഞാനോ തെക്കുവടക്കുഴന്നിടുമൊരാ-
ളാണേവമാണെങ്കിലും
താനോരോന്നെഴുതുമ്പോഴൊക്കെ മറുക-
ത്തേകാതിരിക്കില്ലെടോ!
മാനോല്ലാസമെഴും ഭവാനിതൊന്നുമറിയാ-
യ്കില്ലെങ്കിലും കത്തിനീ-
യ്യൂനോപാധി കൊടുപ്പതെന്തു മടിയാം
മൂതേവി ബാധിച്ചിതോ!
വിരവോടു 'മാനവിക്രമ
വിജയാ'ഭിധമായ നാടകമൊരെണ്ണം
വികടസരസ്വതിയുടെയൊരു
വിളയാട്ടമ്പോലെ ഞാൻ തീര്‍ത്തേൻ.
കാദംബരീകഥാസാരഭേദം ഭാഷപ്പെടുത്തുവാൻ
സ്വാദു നോക്കി പ്രയത്നിച്ചിട്ടാദുരാശ നടത്തിഞാൻ.
ഇവയുടെ വേലമുഴുത്തി-
ട്ടവസരമില്ലായ്കകൊണ്ടിതേവരയും
ഇവനെഴുതാൻ പറ്റീലെ-
ന്നവസാനം ചൊല്ലുവൻ സമാധാനം.
അങ്ങെന്തുചൊല്ലുമിതുപോലൊരു യുക്തിയെന്ന-
ല്ലിങ്ങിന്റെ പൂർവ്വയുവരാജകൃതപ്രബന്ധം
സൂക്ഷ്മത്തിലച്ചടിയിലാപ്പെടുമോ അഹല്യാ-
മോക്ഷം തിരിച്ചതരുമോ സുകവേ! കഥിക്കൂ.