കൊടുങ്ങല്ലൂർ 17-4-74
നിനവൊന്നു, നടപ്പു വേറെയൊന്നി-
ജ്ജനവസ്തുസ്ഥിതി പിന്നെ മറ്റൊരെണ്ണം
പുനരിങ്ങു കലാശമന്യമട്ടാ-
ണനവസ്ഥപ്പൊടിയിട്ട മായയല്ലോ.
പോകിൽ പ്ലേഗു പിടിച്ചുതിന്നുമതിനേ
ക്കാക്കും ജനം കണ്ടുവെ-
ന്നാകിൽപ്പൂട്ടിയിടും മുറിയ്ക്കുകമഹോ
കാശൊട്ടു കിട്ടുംവരേ
ആകപ്പാടെയിവണ്ണമിപ്പൊഴുതെഴും
സംസാരറിപ്പോര്‍ട്ടിനാൽ
വൈകിപ്പോകണതാണു നല്ലതിതി പോൽ
മുത്തശ്ശിമാർ നിശ്ചയം.
അതത്ര വകവയ്ക്കയില്ലതിലുമുണ്ടു വൈഷമ്യമൊ-
ന്നതത്ര പറയാം പണിപ്രകണിയാണിനിയ്ക്കും സഖേ!
ഇതല്ല പുനരഷ്ടമിയ്ക്കവിടെ വയ്ക്കുമെത്തും രസം
പതഞ്ഞു പതറുന്നു മേ മനസി വിഘ്നമീമട്ടേട്ടോ.
ശബ്ദാലങ്കാരമെന്നൊന്നെഴുതി, യതിനുമേൽ-
ചേർന്നതായിട്ടു നീട്ടീ-
ട്ടര്‍ത്ഥാലങ്കാരവും തീര്‍ത്തെഴുതിവരുവതു-
ണ്ടായതിന്നിങ്ങിരിയ്ക്കിൽ
സിദ്ധാന്തം ചൊൽകയല്ലാ ഗുണമധികമിണ-
ങ്ങീടുവാനുണ്ടതും മേ
ശുദ്ധാത്മൻ കേൾ വടക്കേപ്പുറമതിനിളകാൻ
കാര്യമായുള്ള വിഘ്നം.
അഹല്യാമോക്ഷകാര്യത്തിൽ
മഹനീയഗുണാംബുധേ!
വല്ലതും ഗുണമായ്ത്തീരാൻ
നല്ല തക്കം കിടച്ചിതോ?