Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 128

128

കൊടുങ്ങല്ലൂർ 21-2-74


പാമ്പാകും യോഗപട്ടം ദൃഢമിരുവരിയായ്-
ക്കെട്ടി മേൽമുട്ടിണക്കി
ത്താൻ പ്രാണായാമമാണ്ടിന്ദ്രിയഗതി മുഴുവൻ
സംഹരിയ്ക്കും ഹരന്റെ
അൻപാര്‍ന്നാത്മാവിലാത്മാവിനെ വെളിവിൽവെറും
തത്വദൃക്കാലെ നോക്കി
ബ്രഹ്മാനന്ദത്തിലെത്തും ലയമുടയ തപം
നിങ്ങളെക്കാത്തിടട്ടേ.


മുഖസ്തുതിത്തട്ടിലൊഴിഞ്ഞു നിന്നു
മുഖത്തടിച്ചീടിന മട്ടിലായി
തകത്തു താൻ വിട്ടൊരു കത്തു ചുണ്ടി-
ന്നകത്തു മേ പുഞ്ചിരിവിത്തു നട്ടു.


എന്നാലോ മാലതീമാധവമതിലായി തേ
സാധുഭാഷാന്തരത്തി-
ന്നൊന്നായിച്ചെല്ലൊരാശ്ലാഘയിൽ മറുപടി ക-
ല്പിച്ചതോ മെച്ചമത്രേ;
എന്നാലാസ്വപ്ന"വൃത്തം" പുനരൊരു “വലി"യും-
കൂട്ടിലിട്ടെങ്കിലല്ലേ
നന്നാവൂ 'മാലതീദേവിയെ "വലി"യൊരു ഭൂ-
തം "പിടി"ച്ചെന്നുരയ്ക്കൂ.


മൃച്ഛകടികപ്രകരണം
സ്വച്ഛമതേ! ഭാഷയാക്കിടേണ്ട ഭവാൻ;
മിച്ചമിതെന്നാരോ കുറി-
വെച്ചതിലേല്പിച്ചു തർജ്ജമാവെടിപോൽ.


'മലയാളി'വഴിയ്ക്കു തന്നൊടീ ഞാൻ
ചില യാച്ഞാമൊഴി ചെന്നൊരീ പ്രസംഗം
നിലയാത്തൊരു മോഹമൂലമാലാ-
വലയാണായതു വേണ്ട പിൻവലിച്ചു.


നാന്ദീശ്ലോകം തർജ്ജമക്കാരനെന്തോ
തോന്നീലത്രേ ഭാഷയാക്കാനതിങ്കൽ;
എന്നീപ്പത്രം മാര്‍ഗ്ഗമായ്‍ക്കാണ്‍കമൂലം
നന്നീക്കത്തിന്നായതെന്നാദ്യമിട്ടേൻ.


താനും തന്റെ സതീർത്ഥ്യരായ കവിത-
ക്കാരും സഖേ! കേവലം
ഞാനുണ്ടാക്കിയമാതിരിക്കിതുടനേ
ഭാഷാന്തരം ചെയ്തതും
നൂനം പത്രികയാം മനോരമയിലേ-
യ്ക്കർപ്പിക്കണം മൂപ്പര-
ത്യാനന്ദത്തൊടവറ്റിൽ നല്ലതു തെര-
ഞ്ഞിട്ടോട്ടെയബുക്കിലും


വഞ്ചിരാജന്റെ സമ്മാനം
വഞ്ചിയാത്രയിലിത്തരം
അഞ്ചിതം താൻ വാങ്ങിയതു
"നെഞ്ചിലോര്‍ക്കിൽ രസം രസം'


അഥവാ ഇതിലും പെരുത്തതായി
പ്രഥ വായ്ക്കുന്നവകൾക്കു മങ്ങു യോഗ്യൻ;
അതു പാർത്തറിവാൻ നരേന്ദ്രനും ന-
ന്നിതു പാരം കുറവെന്നു സൂക്ഷ്മപക്ഷം.