കൊടുങ്ങല്ലൂർ 24_1_74
ധനഞ്ജയന്തന്നുടെ സൂതനമ്പാം
ധനഞ്ജയക്കണ്ണനു ചേര്‍ന്ന പെണ്ണേ!
ധനഞ്ജയന്തൊട്ടവകൾക്കു നൽസാ-
ധനഞ്ജയമ്മേ തവ നോട്ടമേറ്റാൽ.
"മൃച്ഛകടികപ്രകരണം
മെച്ചമൊടാരും തൊടാതിരിപ്പല്ലേ?
സ്വച്ഛകവിതിലക! താനതു-
മിച്ഛകലര്‍ന്നൊന്നു ഭാഷയാക്കാമോ?''
മലാളിയിലന്നു മോഹഭാരം
നിലയാതിജ്ജനമിട്ട പദ്യസാരം
ഉലയാതിഹ കാട്ടിനേൻ, വിചാരം
തലയാട്ടിദ്രുതമേറ്റണയ്ക്കു പാരം.
വയ്യായ്കിലപ്പോൾത്തലകാട്ടിവാങ്ങാ
നിയ്യാളുമുണ്ടേ തവ പിന്നിലെന്നും,
കയ്യാദ്യമേ വെയ്ക്കുക താങ്കൾ പിന്നെ-
ച്ചെയ്യാം സഹായപ്പണിയൊക്കയും ഞാൻ.
മുമ്പേ വായിച്ചതാമീ മധുരസമുതിരും
മാലതീമാധവത്തിൻ
വമ്പേറീടുന്ന ഭാഷാന്തരമിതിനു കട-
ന്നച്ചടിപ്പിച്ചതിങ്കൽ
കൺപേറ്റം പെറ്റ കുട്ടിപ്പിഴകൾ പിശകു ക-
ണ്ടേയ്ക്കുമെന്നല്ല വേറി
ട്ടെമ്പേരിൽ പ്രേമമാനപ്പഴിയൊഴിവഴി വാ-
ഴിച്ച വേഷം വിശേഷം.
അസൂയയാ. മുൾച്ചെടി മുത്തുതൂകും
പ്രസൂനസംഭാരശകാരവര്‍ഷം
രസജ്ഞനാകുന്ന ഭവാനു നല്ല
രസഞ്ജനിക്കുന്നതിനായ് വരട്ടേ.
ശകാരത്തിന്നുള്ളിൽച്ചിലതു ശരിയായ് പറ്റുകിൽ മുറ-
പ്രകാരം കയ്ക്കൊണ്ടീടണമതു നമുക്കാദരവൊടും
സകാരുണ്യം ചൊല്ലുന്നിവരിതി സഖേ! വൈരകണികാ-
വികാരം വിട്ടേറ്റിടുക വികടദുസ്തര്‍ക്കവിധിയും.
തെക്കരിൽച്ചിലർ തിരക്കുകാർകളു-
ണ്ടൊക്കെ ഞാനറിയുമേതിടേണ്ടെടോ;
മുക്കുമൂലകളിൽ വാണു ദൂഷണം
കക്കുമെങ്കിലതു മിങ്ങു ഭൂഷണം
ഇതിനെക്കേട്ടു താനേതും ധൃതികൂട്ടാതിരുന്നിനി
മതിമൻ! മൃച്ഛകടികമതിലും കാലു വെയ്ക്കെടോ!
ഞാൻ തിരഞ്ഞു, ചില ബുക്കു തീർത്തതും
താൻ തിരിച്ചുവരുമപ്പൊഴെയ്ക്കുടൻ
സ്വാന്തമോദമൊടയച്ചുതന്നിടാം
സ്വാന്തരങ്ഗമറിവിന്നു തോഴരേ!