Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 124

124

കൊടുങ്ങല്ലൂർ 10-1-74


കൊളളാമീപ്പൂവനത്തിൽക്കളമൊടു കളിയാ-
ടുന്ന കാർവേണിയെന്നുള്‍-
ക്കൊള്ളാതെന്തും ഭ്രമത്താൽ സ്മരരിപു ഹരിയെ-
ച്ചെന്നു പൊത്തിപ്പിടിക്കേ
കള്ളപ്പെണ്ണായ കഞ്ജേക്ഷണനുമഗജയും
തങ്ങളിൽത്തങ്ങുമാറായ്
ക്കള്ളപ്പുണ്യപ്പുതുപ്പുഞ്ചിരി ചിതറിവിടും
കൺപിണക്കം തുണയ്ക്കും.


എടോ! കനംകൊണ്ട ഭവാന്റെ കൌശല-
ക്കുടോദരത്തിന്നടിചോര്‍ന്നമട്ടിതാ
പടോ! പരക്കും പല പദ്യമെന്ന പാൽ
വിടൊല്ലയെന്നേന്തിയതൊക്കെ മോന്തി ഞാൻ.


മതിമതി പരിഹാസം; മാലതീമാധവം നൽ-
ദ്ധൃതിയതിലിതുഭാഷയ്ക്കാക്കുവാൻ തക്ക വീര്യം
മതിഗതിയിൽ മയക്കുന്നങ്ങുമിങ്ങുത്തരം ചൊൽ-
വതിനതിവിനയത്തോടെന്നൊടര്‍ത്ഥിച്ചതമ്പാ!!


ഇഷ്ടംപൂണ്ടജനത്തിലീവക പരീ-
ഹാസം പ്രസംഗിച്ചതേ
കഷ്ടം പൂച്ചുപറഞ്ഞിടുന്നതിൽ മയ-
ങ്ങീടുന്നൊരാളല്ല ഞാൻ;
സ്പഷ്ടം പൂതമതേ! ഭവാന്റെ കളിയാ-
ണെന്നാലുമിന്നായതും
ധൃഷ്ടം പൂര്‍ണ്ണരസം തരാം തരമൊടു-
ണ്ടങ്ങേപ്പുറത്തുത്തരം.


'ശബ്ദാലങ്കാര മാത്രം മദമൊടു മലയാ-
ളത്തിലുണ്ടാക്കിവെച്ചി-
ട്ടര്‍ത്ഥാലങ്കാരഭാരപ്പണി തുടരുവതി-
ന്നുദ്യമിക്കുന്നിതാ ഞാൻ;
ബദ്ധാമോദം ഭവാനായതിലിവിടെ വര-
ച്ചിട്ട ഭാഗത്തെ വായി
ച്ചദ്ധാ തെറ്റുള്ളതെല്ലാം തിറമൊടയി തിരു-
ത്തിത്തരാമോ തരാമോ?


ചെറുതായൊരു നോട്ടുകൂടി നോക്കി-
പ്പെരുമാറാനിവിടെക്കുറിച്ചിടാഞ്ഞാൽ
പെരുതാകുമനര്‍ത്ഥമാണിതെന്നും
വരു,മാ വേല കഴിച്ചയച്ചിടാം ഞാൻ.


'തുപ്പൽക്കോളാമ്പി' കാണിച്ചി-
ല്ലിപ്പോൾക്കൈവശമില്ലതും;
അല്പം നിൽക്കൂ, കാൽക്കരിച്ചു
തുപ്പാറാക്കിവിടാമെടോ.


വിശേഷമിവിടെച്ചൊല്ലാ-
നശേഷം നഹി തോഴരേ!
രസമ്പോലിനിയാമെന്നീ-
പ്രസങ് ഗം നിര്‍ത്തിടുന്നു ഞാൻ.