Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 121

121

കൊടുങ്ങല്ലൂർ 9 ചിങ്ങം 72


അരുണാ കരുണാമസൃണാ
ശരണാഗതഭരണനിപുണമൃദുചരണാ
അസ്തുഹരാർദ്ധശരീരാ
നിസ്തുലനിശ്രേയസായ വോ ഗൌരീ


അഞ്ചൽക്കാരുടെ കുറ്റമല്ലയി ഭവാ-
നൊത്തോണമുണ്ടാക്കിയോ-
രഞ്ചൽക്കാരണമാണു ദുർഘടമിതൊ-
ന്നൊത്തോണമുണ്ടായതും,
തഞ്ചത്തോടിതി ഞാനറിഞ്ഞിതു ഭവൽ-
ക്കത്തൊന്നു കണ്ടപ്പൊഴേ
നെഞ്ചല്പം വികസിച്ചു സൗഹൃദനിധേ!
പദ്യത്രയം കണ്ടതിൽ


മാലതീമാധവത്തിന്റെ നാലങ്കം തീര്‍ന്നുവെന്നതിൽ
മാലകന്നു രസോല്ലോലമാലയിൽപ്പെട്ടു പോയി ഞാൻ


ഒരു ഭാഷയിലന്നു തീർത്ത "ഹാംല-
റ്റൊരു മട്ടച്ചടിതീര്‍ന്നു വാശിയായീ;
വരുമായതു വൈകിടാതെ നിൻ കൺ-
പെരുമാറ്റത്തിനു പത്തുനാളിനുള്ളിൽ


ആകപ്പാടെ നമുക്കതത്ര ശരിയായ് -
തൃപ്തിപ്പെടുന്നീലെടോ
ശ്ലോകപ്പാടുമതിന്റെ ഗദ്യരചനാ-
ഭേദങ്ങളേർപ്പാടുമേ;
ലോകത്തിൽജ്ജനസമ്മതത്തിനുതകാ-
ത്തിംഗ്ലീഷുനാമങ്ങളും
പാകത്തിൽപ്പെടുകില്ല ശുദ്ധമലയാ-
ളക്കാർക്കതെന്നേ വരൂ


എന്നാലുമിഗ്ലീഷറിയും ജനങ്ങൾ
നന്നായിയെന്നായ്പ്പറയും ചിലേടം;
ഒന്നാണിനിക്കിയ്യിതിൽ മെച്ചമിംഗ്ലീ-
ഷിന്നാറ്റമേല്ക്കാതിതു ചെയ്തുവല്ലോ.