Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 120

120

കൊടുങ്ങല്ലൂർ 24-4-69


പുരികുഴൽ പുരിയാം പുഞ്ചരി
പുരുഗുരുകളുർമുലകളെന്നിവകളോടും
പുരഹരഭഗവാൻതന്നുടെ
പുരുഷാര്‍ത്ഥചതുഷ്ടയം ജയിയ്ക്കുന്നു


കണ്ടേൻ 'ദേവീവിലാസം' കവിതിലക! സഭാ-
ദ്ധ്യക്ഷർ വായിച്ചുനോക്കി -
ക്കണ്ടേറ്റം നല്ല 'സമ്മാന'മതരുളിയ നൽ
പ്രൌഢമാം നാടകം തേ;
ഉണ്ടേതാനും കഥിപ്പാൻ കുറവിതിലിതി ചൊ-
ല്ലീടുവാൻ തന്നെയൊന്നും
കണ്ടേടംകൊണ്ടു കിട്ടീലിനിയിഹ ഗുണഭാ-
ഗങ്ങൾ ചൊല്ലേണ്ടതുണ്ടോ?


എന്നാൽ സഖേ! 'ഭിന്നരുചിഹിലോക'-
മെന്നായ് മഹാനാകിയ കാളിദാസൻ
നന്നായ് പറഞ്ഞീടിന വാക്കിതിങ്ക-
ലെന്നാലുമൊട്ടാദരണീയമായി


രണ്ടാമങ്കത്തിലാ"ക്കൌമുദി"യെയടവിയിൽ
കൊണ്ടുപോയിട്ടു പാരം
കുണ്ടാമണ്ടിയൊരുങ്ങീ ചില ഭടരതു ഹേ!
തെല്ലു പോരായ്മയല്ലേ?
കൊണ്ടാടിപ്പണ്ടു മാനിച്ചൊരു നരവരദാ-
രങ്ങളിൽദ്ദാസരാകും
രണ്ടാൾക്കും കാമമുണ്ടായൊരു വിഷയമിനി-
യ്ക്കത്ര ബോധിച്ചതില്ല.


ഒറ്റയ്ക്കരണ്യത്തിലുഴന്നു കേഴും
കറ്റക്കരിങ്കാർകുഴലാൾക്കു ദുഃഖം
പറ്റിയ്ക്കിലോ രംഗഗതര്‍ക്കു ധൈര്യം
വറ്റിയ്ക്കുമാദുഃഖഭരം ഗഭീരം.


അതിലും പുറമേ നയജ്ഞനാകും
ക്ഷിതിപാലൻ ബഹുദുഷ്ടരേത്തദാനീം
മതിയിൽക്കൃപവെച്ചു വിട്ടതൊട്ടും
മതിയായോ മതിയായ ശിക്ഷയെന്ന്യേ?


ഈവക ചില ചെറുദോഷം
താവക കൃതിയിൽക്കിടച്ചതല്ലാതേ
ഹേ! വകയുണ്ടായീലിതു
ഭാവുകകരമാം ചിത്രമതിചിത്രം


മിത്രാഗ്ര്യ! ദോഷം പറയാത്തിലെന്റെ
മൈത്രിയ്ക്കു പോരെന്നു നിനച്ചിവണ്ണം
ഇത്രയ്ക്കുമാത്രം പറയുന്നതാണ-
രത്രയ്ക്കു സത്തുള്ളവയല്ലതാനും


ഇതിനി മുറയ്ക്കു 'മനോരമ'-
യതിലിട്ടു പരസ്യമാക്കിയാൽക്കൊള്ളാം;
മതിമൻ! മമതാരാശേ!
മതിയായിട്ടുള്ളതൊന്നാകിൽ