കൊടുങ്ങല്ലൂർ 21-2-69
സോമാങ്കമൌലിയുടെ ധൈര്യമുടച്ചു പിന്നെ-
ക്കാമാങ്കുരം കുതുകമോടു വിതച്ച നാഥേ!
ഹേമാങ്കിശോരമിഴി! പർവ്വതപുത്രി! രുദ്ര-
വാമാങ്കപീഠനിലയേ! തവ കൈതൊഴുന്നേൻ
നന്നായ് ഭവാനുടയ കത്തു കിടച്ചതിന്നു
മുന്നാൾക്കുമുമ്പിലൊരെഴുത്തു ഭവാനു ഞാനും
ഉന്നാളിഹൃൽകമലകൌതുമോടയച്ച-
തിന്നാളുതന്നെയവിടെക്കിടയാതെയാമോ?
പരിഭവവാക്കുകളെന്നൊടു
പരിചൊടു പറയേണ്ടതാണതു സഹിച്ചേൻ;
പെരിയൊരു തെറ്റെൻപേരിൽ
പെരിയസഖേ! പാര്‍ക്കിലുണ്ടല്ലോ
ചതുരംഗംവച്ചിടുവാൻ
ചതുരന്മാർ ചിലരടുത്തുകൂടുകയാൽ
ഇതരവിചാരം കൂടാ-
തിത രസമായിക്കഴിഞ്ഞു പോകുന്നൂ.
വാസ്തവം പറകിലായതാണു ഞാ-
നാസ്ഥയേറിയ ഭവാനു ലേഖനം
പേർത്തുമൊന്നെഴുതിടാഞ്ഞതെന്നുമ-
തോർത്തുകൊണ്ടിതിനു മാപ്പുനൽകണേ!
പരം മോദാൽ രാവും പകലുമൊരുമട്ടായ്ക്കരു പരം
നിരത്തിക്കൂട്ടുമ്പോളിഹ തലതിരിഞ്ഞിട്ടു വെറുതേ
ഉറക്കത്തിന്നും തെല്ലഭിരുചികുറഞ്ഞങ്ങിനെ ദിനം
പറക്കുന്നൂസാക്ഷാൽക്കവിതയിലുമൊട്ടാസ്ഥകുറവായ്
ഹേ വീര ഭാഷാകവിരത്നമേ തേ!
'ദേവീവിലാസാ'ഭിധനാടകം മേ
ആവിർമ്മുദാ കാണുകവേണ്ടയെന്നോ
യീവിദ്യയങ്ങെന്നു പഠിച്ചുവെച്ചു?
ഭാഷാപോഷിണി സഭയിൽ
തോഷാലർപ്പിച്ചു പിന്നെ വഴിപോലേ
ഭേഷായ പ്രസന്റു വാങ്ങിയ
ശേഷാലോകനവുമിവനു വയ്യേന്നോ?
ആട്ടേയിരിയ്ക്കട്ടെയെടോ കവിത്വം
കാട്ടേണ്ടതിന്നുള്ളൊരു സൂത്രമിങ്ങും
കൂട്ടേതുമില്ലാതെ വശം; ഭവാനേ-
ക്കാട്ടേണ്ടിവന്നാലതുമേവമാവാം.
ഇന്നീ സ്ഥാവരജങ്ഗമേശരമര-
ന്മാർ മേ തുണയ്ക്കേണ, മെ-
ന്തിന്നീവാനവർ ദൈവകൢപ്തഫലദ-
ന്മാ,രർത്ഥ്യമാദൈവതം;
എന്നാൽ ദൈവതമെന്തു കര്‍മ്മഫലദം,
കര്‍മ്മത്തൊടര്‍ത്ഥിച്ചിടാ-
മെന്നോ നാം തുടരാതിതെന്തു കഴിയും
ഞാനെങ്കിലെന്നെത്തൊഴാം
പദ്യമി,തൊന്നു പകര്‍ത്തി-
ട്ടല്ല ഭവാന്നെന്റെ പേരുവെച്ചുടനേ
പത്രാധിപര്‍ക്കു നൽകുക
മിത്രാവലിയിൽ പ്രധാനിയായോവേ!
അതുതന്നെയല്ല തരമൊടു
മതിയിലുയരും രസത്തോടും
ജാതിയിലിതു സുകവീന്ദ്രമണേ!
ബത ഭാഷയാക്കുക ഭവാനുമൊന്നുടൻ
ഇതെന്നു വെച്ചാലിതിനുള്ള മൂല-
മതെന്നു വേറെ പറയേണ്ടയല്ലോ?
കൃതീന്ദ്ര! താങ്കൾക്കു വസൂരിദീത-
മതിന്റെയാശ്ശമ്മല തീര്‍ന്നുവല്ലോ
ദേവീവിലാസമേ! നിന്റെ
ഭാവം നന്നല്ല ലേശവും
ഈവണ്ണമിഷ്ടമുള്ളെന്റെ
കൈവശത്തിൽ വരുത്തുവാൻ
നിന്നുടെ ജനകൻ കേവല-
മെന്നുടെ സഖിയെന്നു ലേശമോര്‍ക്കാതേ
എന്നൊടുമൊളിച്ചു മാറി-
ടുന്നൊരു മായാപ്രയോഗമിനി വേണ്ടാ.