Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 117

117

കൊടുങ്ങല്ലൂർ 11-11-68


തിങ്കൾത്തളിരണിയുന്നൊരു
തങ്കക്കലശൈലവില്ലെടുത്തോന്റെ
അങ്കത്തിൽക്കുടികൊള്ളും
സങ്കടഹരമാം സുഖത്തിനു തൊഴുന്നേൻ


കിട്ടീ ഭവാനുടയ കത്തു മുഖസ്തുതിയ്ക്കു
തട്ടീടുമാപ്പുതിയമാതിരികണ്ടു, കൊള്ളാം;
കൂട്ടീടുമാവിലപതിച്ചൊരു മേൽവിലാസം
കാട്ടീ തരത്തിലടനഞ്ചലിൽ മാസ്റ്റരേയും


അതിനവനോതിയ മറുപടി-
യതിനുടെ സാരം സഖേ! കുറിച്ചുവിടാം;
അതു കണ്ടുകൊണ്ടു വേണ്ടും
സ്ഥിതി കൊണ്ടാലും നമുക്കു ഭരമില്ല.


"തിരുവാങ്കൂറിൽച്ചെയ്തൊരു
പിരിവാനുള്ളൊരു മുദ്രയാവുകയാൽ
പറവാനില്ലടിയങ്ങൾ
ക്കൊരുവാക്കും മൂലമിതിനു കണ്ടില്ല".


തുള്ളൽക്കു വേണ്ട വിവരങ്ങൾ വരുന്നകത്തിൽ-
ക്കൊള്ളിയ്ക്കുമെന്നിതൊരു സൂചന കണ്ടശേഷം
ഉള്ളിൽക്കിടന്നൊരു പടപ്പു തുടങ്ങി വേഗ-
മുള്ളാ ക്രമങ്ങളെഴുതിത്തരുവാനപേക്ഷ


സോമതിലകാഖ്യഭാണം
കാണ്മാനായിക്കൊതിച്ചു ലേഖം ഞാൻ
ശ്രീമൻ! കുറിച്ചവിടെ
ക്കാണാനിടയുണ്ടതെത്തിടും മുമ്പേ