കൊടുങ്ങല്ലൂർ 10-11-68
സരസിജഭവമുഖസദനേ
സരസം ശ്രുതിമനുവിപഞ്ചികാം ക്വണയൽ
സംഗീതരീതിലോലം
സരസ്വതീത്യസ്തു വസ്തു നസ്തുഷ്ട്യൈ
ചൂഡാമണീനാടകമ ങ്ങയച്ചി-
ട്ടൂഢാദരം കിട്ടിയ വാർത്തപോലും
കൂടായ്കയോ പത്രമുഖേന ചൊല്ലി-
ക്കൂടാഞ്ഞതെന്തേ കവിലോകബന്ധോ!
കൈകൊട്ടിപ്പാട്ടായി-
പ്പാകത്തിൽത്താൻ നിവാതകവചവധം
ഏകിയ ബുക്കിൻ വിവരം
സ്തോകവുമെഴുതായ്കയാലിടഞ്ഞോ താൻ?
കൊച്ചുണ്ണിഭൂമിപതി മുന കൃതിച്ചതായോ-
രുൾച്ചേർന്ന 'സോമതിലകാ'ഭിധഭാണരത്നം
സ്വച്ഛന്നമൊന്നെഴുതിയേകണമിങ്ങ ദൃഷ്ടി-
വെച്ചിന്നു നോക്കിയതിലില്ലിവിടത്തിലെങ്ങും.
ആക്കവിതയവിടെയുണ്ടാ-
യേക്കുമതെന്നൂഹമുണ്ടിനിയ്ക്കതിനാൽ
ഇക്കത്തിലിതുമുരച്ചേൻ;
വെക്കമയച്ചെങ്കിലധികമുപകാരം
തുള്ളൽ പകർത്തിയെടുപ്പാ-
നുള്ള പരിശ്രമമതെന്തുനിലയായി?
ഉള്ളതു പറയുക, കിട്ടാ-
നുള്ള തരം വന്നിതോ തോഴാ!