Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 115

115

കൊടുങ്ങല്ലൂർ 18_1_63


അസ്തു നഃ ശ്രേയസേ വസ്തു
ശാങ്കരം ലോകശങ്കരം
അളകാലിംഗിതാല്പേന്ദു
സുന്ദരം നിത്യയൌവനം


സ്വതേ പാരം പഥ്യം പതറിയൊരു നോന്തമ്മിലയി! സ-
ന്മതേ! സ്വല്പന്നാളായെഴുതിടുകയും തെല്ല കുറവായ്;
അതേവം ചൊല്ലീട്ടെന്തൊരു ഫലമിദാനീം പരിചിലെ-
ന്നിതേറും മോഹത്തോടെഴുതുകിലതൊപ്പിച്ചു തരണേ!


'ശിവയോഗിചരിത'മെന്നായ
കവിമണി വെണ്മണിമഹീവിബുധനച്ഛൻ
അവികലമെഴുതിയ തുള്ളൽ-
ക്കവിത ഭവാൻ കിട്ടുവാൻ ശ്രമിക്കേണം


പിട്ടല്ലേതും 'വ്ളായി-
ക്കോട്ട'വനീദേവപുരിയിലതു കിട്ടും;
ഒട്ടൊഴിയാതീക്കൃതിയാ-
ക്കൂട്ടർക്കു മുഖസ്ഥമട്ടിലാണത്രേ


അടവോടങ്ങവരോടിതു
വടിവോടു പിടുങ്ങുകാശു സേവകനായ്;
'കൊടിമത'യുടെയരികത്തായ്
'ക്കുടമാളൂര'ല്ലയോ തദീയഗൃഹം?


ഇവരിരുപേരുടെയും പല-
കവിതകളിദ്ദിക്കിലുള്ളവകയെല്ലാം
കേവലമോരോവഴി ഞാൻ
കൈവശമാക്കിപ്പുകത്തിടുന്നുണ്ട്.


വല്ലോരും വളരെപ്പറഞ്ഞിടുകില-
ക്കാലം പരം നാടകം
നല്ലോണം നിരുപിച്ചു വെണ്മണിമഹൻ
നിർമ്മിക്കുവാൻ നോക്കിടും;
തെല്ലോളം കഴിയുമ്പൊളിട്ടുകളയും;
മൂന്നാലിതിൻവണ്ണമു-
ണ്ടല്ലോ നാടക; മർദ്ധമായവകളിൽ
'പ്പീയൂഷവീര്യോദയം'


അല്ലാതെകണ്ടങ്ങു പറഞ്ഞപോലെ-
യെല്ലാം കഴിഞ്ഞില്ലതുമെന്തുവേണ്ടൂ
സല്ലാപകാലേ സിതരത്നമോരോ-
ന്നെല്ലാം പകിട്ടിപ്പൊളി തട്ടിവീക്കും


തൽക്കാലമൊക്കെശ്ശരിയെന്നു തോന്നി-
ച്ചേക്കാം മഹൻ വെണ്മണി വാഗ്വിലാസാൽ;
ഭോഷ്ക്കല്ല നിർമ്മിച്ചതുതന്നെ ബുക്കിൽ
ച്ചേർക്കില്ല, തോന്നുംപടി ചൊല്ലിയാലും


ഇങ്ങിനെ കഴിച്ച കാലവു-
മിങ്ങിനെയാബ്ഭൂതിഭൂഷചരിതം താൻ
മങ്ങാതെ കരപിടിച്ചി-
ട്ടിങ്ങാരാൽ കിട്ടിയോലമുറികളിലായ്.