കൊടുങ്ങല്ലൂർ 1-8-68
പാലാഴിക്കുള്ള വെള്ളത്തിരനിര നിരവേ
മേല്ക്കുമേൽ കെട്ടിനില്ക്കു-
മ്പോലാകും നാഗനാഥപ്പുതുമൃദുശയനേ
പള്ളികൊള്ളുന്ന ദേവൻ
നീലാഭം ചൂഴെ മിന്നൽപ്പിണരൊടു പടയു-
ന്തുമ്പടം ചാർത്തിടുന്നോൻ
മേലാൽ സന്താപമേലായ്‍വതിനിഹ മഹിത-
ശ്രീകടാക്ഷം വിടട്ടേ
പലനാളായ്‍ക്കിട്ടാതിഹ
പലപൊഴുതും കാത്തിരുന്ന നിൻപത്രം
അലസതയാം കാറ്റിലുല-
ഞ്ഞലഞ്ഞു വന്നെത്തിയെന്റെ സവിധത്തിൽ
മറ്റുള്ളോർക്കു വിഷാദകാരണമതാ-
മാക്കാര്യമോർക്കാതെ കൈ-
തെറ്റിപ്പോയതു പോയി പോട്ടെയതു ചി-
ന്തിച്ചിട്ടിനിക്കിം ഫലം;
തെറ്റെന്ന്യേ കവിവര്യ! കക്കുടപുര-
ത്തേക്കായ് സഭക്കായ് ഭവാൻ
തെറ്റെന്നങ്ങു ഗമിച്ചിടുന്ന കഥയെ-
ന്താണിപ്പൊളോർക്കുന്നതും?
അമ്മയ്ക്കുള്ളൊരു ദീനമൊന്നിളകിയി-
ക്കാലത്തി,ലാശ്വാസമായ്
നന്മയ്ക്കാദ്ദിവസത്തിലെങ്കിലിവിടു
ന്നീയുള്ളവൻ പോയിടും;
നമ്മൾക്കൊത്തു ഗമിച്ചിടാനിടവരു-
ത്തുമ്മാറു ദൈവം തദാ
തമ്മിൽക്കൂട്ടിയണക്കിയെങ്കിലധികം
നന്നായിരുന്നൂ സഖേ!
രണ്ടായാലും ഭരണി-
ക്കുണ്ടാവുകിൽ നന്നു താങ്കളിദ്ദിക്കിൽ;
കൊണ്ടാടി നാലുനാൾ കരൾ-
കൊണ്ടാളും രസമൊടൊത്തു പാർത്തീടാം.
"വരൂ, ഹേ വരൂ"
താഴേ ചേർക്കുന്ന പദ്യത്തെ
യൂഴംപോലച്ചടിയ്ക്കുവാൻ
തോഴാ! മനോരമയ്ക്കായി-
പ്പാഴാതേ താൻ കൊടുക്കണേ
"നാറ്റിനോക്കിയുടനുമ്മവെച്ചിതഥ നക്കി-
ചപ്പി രസമറ്റതെ-
ന്നേറ്റവും വിരസമങ്ങെറിഞ്ഞിതിവകൊണ്ടോ-
രിണ്ടൽ കലണ്ടടോ!
കുറ്റമറ്റ മണിയേ! നിനക്കു ഗുണമാണു,
നിന്റെ രുചി കണ്ടക-
ത്തുറ്റ സത്തറിയുവാൻ കരങ്ങനൊരു കല്ലെ-
ടുത്തു പൊടിയായ്കയാൽ"