Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 110

110

കൊടുങ്ങല്ലൂർ 17-1-75


അച്ചൻ മാമലയാ,ണൊരാനമുകറ-
ച്ചാരാണു നിൻ മുൻമകൻ,
പിച്ചക്കാരനഹോ വിഷാദി കിഴവൻ
പാമ്പാട്ടി നിൻകെട്ടിയോൻ,
ഒച്ചപ്പെട്ട സമസ്തദേവവനിതാ-
സൌന്ദര്യസമ്പത്തിലും
മെച്ചപ്പെട്ടൊരു നിന്റെ ജാതകഫലം
മായേ! മഹാവിസ്മയം.


ഇച്ഛിയ്ക്കുമാറു ചില നമ്മുടെ പുസ്തകങ്ങ -
ളച്ചിയ്ക്കു വേണ്ടിയവിടയ്ക്കു കൊടുത്തയയ്ക്കാൻ
ഉൾച്ചിന്നിടും പ്രണയമുള്ളൊരു ഞാൻ പറഞ്ഞു-
വെച്ചിന്നിയും കിമപി നീട്ടുക വേണ്ടിവന്നൂ.


കോഴിക്കോട്ടാണു ചൂഡാമണി മുഴുവനുമേ
പുസ്തകം വില്പതിപ്പോൾ
പാഴിൽക്കേട്ടാൽ മയങ്ങും മൊഴിയൊഴികഴിവി-
ന്നോതുകെന്നോര്‍ത്തിടൊല്ലേ;
ഊഴിക്കെട്ടിൽപ്പരത്തുന്നതിനിതു തരമെ-
ന്നോര്‍ത്തു പോയാ,ട്ടെ ഞാനെൻ-
തോഴിക്കുട്ടിയ്ക്കു കിട്ടും പടിയുടനെ വിടാൻ
കല്പനക്കത്തയക്കാം.


മററുള്ള ബുക്കുകളുമാവിധമങ്ങുമിങ്ങും
ചുറ്റും കിടക്കുമിഹ കയ്ക്കലൊരെണ്ണമില്ല;
മുറ്റും നമുക്കു ജനനം മുതലുള്ളമാന്തം
പറ്റുന്നതിൽപ്പരമൊരത്ഭുതമെന്തു തോഴ!


ആട്ടേ ഭവാൻ "രസികരഞ്ജിനി" കണ്ടുവല്ലോ
കൂട്ടേതുമെന്നിയെയതിൻ ഗുണദോഷതത്വം
പോട്ടേയ്ക്കണം സരസപദ്യവഴിയ്ക്കിനിക്കു;
കേട്ടേ മനസ്സിനു സുഖം മതിയാകയുള്ളു.


കവികുലേന്ദ്ര! ഞാനി കേവലം
ഗവിളിയുത്തരം താങ്ങിടുംവിധം
അവിടെ മന്നവൻ ഭാരവാഹിയായ് -
ഭുവി ഭരിയ്ക്കവേദ്ധാടി കാട്ടിനേൻ.


മിത്രാവലി മകുടമണേ!
പത്രാധിപനെന്നപേരു പെട്ടൊരു ഞാൻ
സ്വാര്‍ത്ഥം നടിച്ച ഗുണകര-
ണാര്‍ത്ഥം പൃച്ഛിച്ച പൃച്ഛ തള്ളരുതേ!