Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 107

107

കൊടുങ്ങല്ലൂർ 30-3-74


എപ്പോളും നീരിളക്കം തലയിലൊഴികയി-
ല്ലാകയാൽ നെറ്റിയന്മേൽ
തീപ്പോളച്ചൂടുവെച്ചൂ മിഴിവഴി ശിവനേ!
താങ്കൾ വേണ്ടില്ല വൈദ്യം
വായ്പിട്ടാൽ മേനികേറ്റും ഹരിയുടെ മൊഴികേ-
ട്ടിപ്പൊളീക്കാളകൂടം
സാപ്പെട്ടാൽപ്പറ്റുകില്ലെന്നുമയുടെ പിടിയിൽ-
പ്പെട്ട കണ്ഠം തൊഴുന്നേൻ.


മാസംതോറുമിടയ്ക്കു മേലിലെഴുതാ-
മീ രണ്ടുകത്തെന്നനാ-
യാസന്തോഴ! കരാറുചെയ്തതു മുറ-
യ്ക്കൊപ്പിച്ചു നോന്തങ്ങളിൽ;
ഹേ സന്തോഷ;മതീയ്യിടെക്കുറെയമാ-
ന്തംപോലെ കാണുന്നു തേ
ഹാസംതോന്നിയ വാസമായടിപിടി-
ച്ചില്ലാതെയായ്പോയിതോ?


ഇക്കാലമിയ്യിവനെടോ! മടിയും വിശേഷാൽ
മുക്കാലുമത്ര വഴിയാത്രയുമാണു ഭാര
 തെക്കും വടക്കുമുഴലുമ്പൊളെഴുത്തയപ്പാ-
 നൊക്കുന്നതല്ല മടിയാണതൊഴിഞ്ഞനേരം.


ഒഴിഞ്ഞീലി ഭാരങ്ങൾ
കഴിഞ്ഞീലുത്തരായണം;
അഴിഞ്ഞീടും രസാൽക്കത്തൊ-
ന്നഴിഞ്ഞീടാനുമേ സഖേ!


തഥാപി കവിതാകര്‍മ്മ-
പ്രഥാപിച്ഛിലകൌതുകം
വൃഥാ ന സ്ഥീയതേ തത്ത-
ദ്യഥാ രുചി വിരച്യതേ.


മൂലം-
ഉവ തുഹ പുളോ ഇദവ്വം
ണവം ചളിത്തം മഏ കിം പി
വിളിഖീഅദി ജത്ഥ പൂണോ
ഫളിലാകളഹപല്പിഏണ മഅണണ.


ഭാഷ-
നോക്കുക തനിയ്ക്കു കാണ്മതി-
നൊക്കും പുതുവര്‍ത്തമാനമൊന്നീ ഞാൻ
ഇക്കത്തിലെഴുതിടാം കല-
ഹക്കളിയാടുന്ന മദനവിജയഫലം.


പാറുക്കുട്ടി ചിരിച്ചു ചാണയുടെ നേര്‍-
ക്കെന്നുള്ള ദുശ്ശങ്കയാൽ
ദൂരോൽക്കഷ്ടകടുപ്രകോപമിളകി-
ക്കമ്പം പിടിച്ചാവിധം
ഏറെക്കെട്ടിയണിഞ്ഞമച്ചിൽ വിലസും
മേക്കെട്ടിയും മെത്തയും
കീറിക്കഷ്ടമുടച്ച ദർപ്പണഗണം
കാത്തുള്ളിലുള്ളച്യുതൻ.


ഇന്നും തീര്‍ന്നീല തെല്ലും പ്രണയകലഹകോ-
ലാഹലം; "കാട്ടുകള്ളി-
യ്ക്കൊന്നും തീറ്റിയ്ക്കു പോലും കരുണ നഹി കൊടു-
ക്കില്ല ഞാൻ തീര്‍ച്ചതന്നേ
മുന്നം തീറായ്ക്കൊടുത്തീടിന കുറിമുതലും
വീടുമെല്ലാമിനിയ്ക്ക-
ച്ഛന്നം തീരിന്നുമേലേ പണയമെഴുതണം
താനു”മെന്നാണു തര്‍ക്കം.


.".. ... ... ക്കീതയ്ക്കും പടി പകലിരവും
വേലചെയ്തിട്ടു രഞ്ജി-
പ്പേറിക്കണ്ടന്നു പോരെങ്കിലുമിതു മമ വേ-
ലയ്ക്കു നീ കൂലിതന്നൂ,
മാറിക്കൊണ്ടാലുമീത്തന്നൊരു മുതൽ തിരിയേ
കിട്ടുകില്ലെന്തിനാണി-
മ്മാറിക്കാട്ടുന്ന ചേപ്രത്തര"മിതി മറുപ-
ങ്കുത്തരം; നല്ല ഘോഷം.


പാറുക്കുട്ടിയിടന്തടിച്ചൊരുപുറേ
നില്ക്കുന്നു; തച്ചാട്ടിടു-
മ്മാറുൾക്കട്ടിയുമുണ്ടവൾക്കനുഭവം
ധാരാളമുണ്ടായതിൽ
ഏറെക്കഷ്ടമിടയ്ക്കിടയ്ക്കു പലിശ-
യ്ക്കായിക്കടക്കാരുമൊ-
ട്ടേറെ;ക്കഷ്ടി ധനം; കുഴങ്ങി കഴിവാൻ
കാത്തുള്ളി വല്ലെങ്കിലും.


ചിലവിനു തരൂ വേഗം രണ്ടായിരം
മമ രൂപ മേ-
ചിലവിനു ഭവാനെന്നേ വിട്ടാലിനി-യ്
ക്കു കിടയ്ക്കുമേ,
ചില വിരുതരെ ... ... ... ... ... ... ക്കയ
റ്റുകിലാകുമേ
ചില വികൃതിവാക്കോതും മുമ്പേ നട-
ക്കുകവേണമേ.


ഇതി പലതും കലിതാഹ-
മ്മതി പലപാടും പറഞ്ഞു പാറുക്കട്ടി
ധൃതിപാടുന്നുണ്ടു മനോ
ഗതി പാടല്ലായായി കാത്തുള്ളിയ്ക്കും


ഏതെങ്കിലും ബഹുരസം രസമന്നനിഷ്ടം-
ചെയ്തെങ്കിലത്തലവർ ചേർത്തതിനീഫലന്താൻ
ചേതസ്സു് ചുട്ടനുഭവിക്കണമിത്രയൊക്കെ-
ച്ചേതം കലാശമഴലെന്നൊരു യോഗ്യപക്ഷം.


കടമോ മുപ്പതിലധികം
കടന്നു; കലഹംകലര്‍ന്നു കയൽമിഴിയും;
കാത്തുള്ളിസ്സുഖവും നഹി,
കത്തുള്ളിക്കാര്‍ന്നവന്റെ കഥ കഷ്ടം.


ഏവം നമ്മുടെ മിത്രമിത്ര വളരെ-
ക്കഷ്ടത്തിലാപ്പെട്ടിതെ-
ന്താവും നമ്മൾ നിനിയ്ക്കിലില്ലൊരു ഫലം-
പോലും വിഷാദംവിനാ;
ഈവണ്ണം മതിമാഞ്ഞിടും ശനിദശാ-
യോഗം കഴിഞ്ഞാലുടൻ
ദൈവം നന്മവരുത്തുമെന്നൊരു സമാ-
ധാനം സമാലംബനം


പതിവിൻപടിയുത്തരായണത്തിൽ -
പ്പതിവാൻ പറ്റിയിതല്ലിനിയ്ക്കുമെന്നാൽ
മതിമൻ! പറയുമ്പൊഴായതിന്നും
മതിയായുള്ളൊരു ഹേതുവില്ലതാനും.


കുട്ടിയ്ക്കു കൊത്തുവളയൊന്നു പണിഞ്ഞു തീർന്നു-
കിട്ടിക്കുരുത്ത രുചിപോകണമെന്നു മോഹം
കൊട്ടിക്കുറച്ചിട കഴിച്ചതുവയ്ക്കുമപ്പു-
ക്കുട്ടിയ്ക്കു തീര്‍ത്തുതരുവാൻ മടി ഞാൻ കുഴങ്ങി.


കഷ്ടം, രണ്ടുകിടാങ്ങൾ കണ്ണുമിഴിയാൾ-
ക്കീരണ്ടുകൊല്ലത്തിനാ-
ലിഷ്ടംപോലെ പിറക്കിലും വിധി പിഴ-
ച്ചേല്പിച്ച നോട്ടത്തിനാൽ
നഷ്ടം വന്നു നിതാന്തകാന്തികലരും
രണ്ടാന്തരം പൈതല-
ദ്ദിഷ്ടം പോക്കിയവസ്തുവിങ്കലൊരുവൻ
മോഹിയ്ക്കിലുണ്ടോ ഫലം?


തെക്കേബ്ഭാര്യയ്ക്കുമീയുള്ളവനുമൊരുവിധം
മക്കൾ പോയോരുദുഃഖം
നീക്കേണ്ടും മുട്ടു നീരോടിന മിഴികളൊടും
നിത്യവൃത്തിയ്ക്കു ശീലം
ഇക്കേഴക്കണ്ണിയാൾക്കീവക വിഷയവിഷ-
ച്ചൂടു മുൻവീഴ്ചയാണെ-
ന്തൊക്കേയും പറ്റുമാവോ? പരമതു നിരുപി-
ച്ചാണിനിയ്ക്കല്ലലെല്ലാം


വണ്ടിവഴി യാത്രചെയ്‍വതി-
ലുണ്ടിന്നും പ്ലേഗുരക്ഷകക്ഷോഭമ്പോൽ
കണ്ടില്ലാ ഗതി, വഞ്ചി-
യ്ക്കണ്ടിവരും നൂനമെന്നു കുഞ്ഞിക്കുട്ടൻ