കൊടുങ്ങല്ലൂര്‍ 11-1-74
ശ്രീരസ്തു ശീതകരശേഖരഭൂഷണസ്യ
ചിന്താമണേശ്ശുചിരുപോമിഹികാദ്രിജസ്യ
ചിത്രപ്രസാദലഹരീപരിമേളനേന
ചിത്താദൃതാ സതതസാതകരീ ചിരം വഃ.
പണ്ട് വായിച്ചതാണെങ്കിലുമതിരുചിയാൽ
സാധു 'സാരോപദേശം'
കണ്ടേനങ്ങച്ചടപ്പിച്ചതുമതു രസമുൾ-
ക്കൊണ്ടു വായിച്ചു വീണ്ടും;
ഉണ്ടേ പാരം നമുക്കിക്കൃതിയിലൊരു കൃതാർ-
ത്ഥത്വമെന്നിപ്പൊളോതി-
ക്കൊണ്ടേ തീരുള്ളവെന്നില്ലിതു തവ തിരിയാ-
ത്തെണ്ണമൊന്നല്ലയല്ലോ.
"അംബാസ്തവം' പുനരതിൽപ്പരമെന്മനസ്സിൽ
"സംബാധദുസ്ഥിത"രസപ്പൊടി ചേർത്തു തൂര്‍ത്തു
ഇമ്മാതിരിയ്ക്കു കവിതയ്ക്കു ഗുണംതികച്ചും
നിന്മാന്ന്യതയ്ക്കു നിയമിച്ചതുമംബതന്നേ.
പ്രസാദമീത്വൽകൃതി രണ്ടിലും ബഹു-
പ്രസാരണം ചെയ്യതു കാണ്‍കകാരണം
പ്രസാദമെന്നുള്ളിനിതിൽഗുണിച്ചതായ്
പ്രസാദനത്തിന്നു കിടച്ചതത്ഭുതം.
'ത്വൽപ്രതിച്ഛന്ദകം' കണ്ടിട്ടപ്രതിദ്വന്ദ്വികൌതുകം
ക്ഷിപ്രമുൾത്താരിലുണ്ടായീവിപ്രശിഷ്യവിശിഷ്യമേ.
നമുക്കിമൂന്നെണ്ണം മമത, മതിയാം ഭക്തി,യിവയാൽ
ക്രമക്കയ്യോടെത്തിച്ചതിനൊരനുമോദക്കുറിയുമേ
സമസ്തസ്നേഹത്തിന്‍ വെളിവൊടെഴുതീലാ ഝടിതി ഞാൻ
ഗുമസ്ഥന്മാരെല്ലാമവധിയിലിരിപ്പായിടുകയാൽ
അനുമോദനപത്രമെങ്കിലും
നനു മോദത്തോടു ഞാൻ തരാഞ്ഞതിൽ
അനുതാപമുദിയ്ക്കുമെന്നുമൊ-
ന്നനുമാനിച്ചറിയായ്കയില്ലെടോ!
"നെഞ്ഞിൽക്കെട്ടിക്കനക്കും വ്യഥയൊടു നടുവം
ശ്രീഗുരോ! ത്വൽപ്രസാദം
രഞ്ജിയ്ക്കും കത്തു കാണാഞ്ഞഴലെഴുതിയി-
യ്ക്കിന്നുമെന്നെ"ന്നിവണ്ണം
കുഞ്ഞിക്കുട്ടൻ പതുക്കെപ്പഴി പറയുകയാൽ
കേട്ടുഞാൻ ദുഷ്ടൊടിഷ്ടം
ഭഞ്ജിയ്ക്കും ഭവ്യനെന്നോ കരുതി കനിവിയ-
ന്നെന്നെയും നല്ല യോഗ്യൻ.
ഇക്കാവിന്റെ 'പുനർവ്വിവാഹ'വിധിയേ-
ത്തന്നോടുമൊന്നോതുവാ-
നക്കാലത്തു നമുക്കു നാണമതിനാൽ
വയ്യാതെയാകുന്നതിൽ,
ധിക്കാരപ്രഥമപ്രവേശമിതിതാൻ
ചിന്തിച്ചിതോ കഷ്ടമെ-
ന്തക്കാര്യം പുനരിന്നെടുത്തെഴുതിവി-
ട്ടിട്ടും ഫലം നീക്കി ഞാൻ.
തച്ചീലച്ചു മുറയ്ക്കു പാറുവിനുടൻ
സംബന്ധമായിട്ടവൾ-
ക്കുൾച്ചേരും പ്രണയത്തിളപ്പിൽ മകനു-
ണ്ടായെന്നു കേട്ടീലയോ?
ദുശ്ശീലം ചെറുതല്ല ദുർവ്വിധി വൃഥാ
കാട്ടുന്നു കാലന്റെയാ-
ദുശ്ശീമയ്ക്കു കടത്തിയിന്നലെ മഹാ-
മൂശേട്ടയാക്കുട്ടിയെ.
വേറേ വിശേഷമിവിടത്തിലശേഷമില്ല;
പോരേ തനിയ്ക്കെഴുതിവിട്ടതു തുഷ്ടിയായോ?
നേരേ നമുക്കു മറുകത്തു കുറിച്ചു കൊൾക;
ചേരേണ്ടമട്ടതിനൊരുത്തരമേകമേ ഞാൻ.
കുർവ്വന്തു കേപി കുരുവിന്ദസമാനഭാസഃ
സർവ്വജ്ഞസൌഹൃദമയീര്‍ന്നിഗമാര്‍ത്ഥവീഥ്യഃ
ഉത്തുങ്ഗപൂര്‍ണ്ണകുചകുംഭവിഭിന്നപാര്‍ശ്വാ
ആനന്ദരാജചരിതാസ്തവ ലോകയാത്രാം.