കൊടുങ്ങല്ലൂർ 9-1-74
അയ്യേ! തീത്തീനിയല്ലേ തവ പതി, വിഷമു-
ണ്ണില്ലയോ നിന്റെ കാന്തൻ,
മെയ്യേ പാമ്പിങ്കലല്ലേ വരന, തെയവിടെ,
പ്പാമ്പു മെയ്യിങ്കലില്ലേ?
നിയ്യേതും ചൊല്ലിടാനില്ല, തുമിഹ ശരി,''യെ-
ന്നച്ചിമാർ കേളിവാക്കാൽ
ക്കയ്യേറ്റം ചെയ്തതിൽച്ചേര്‍ന്നരിയ ഹരിഹര-
പ്പുഞ്ചിരിക്കായ് ത്തൊഴുന്നേൻ.
'അന്യോന്യാശ്രയമെന്നു താങ്കൾ പറയു-
ന്നാക്ഷേപമേ പുല്ലതി-
ന്നന്യോപായമെടുത്തിടാതൊരു സമാ-
ധാനം തരുന്നുണ്ടു ഞാൻ;
അന്യോന്യാശ്രയമുള്ള രാഗമതിലേ
ചായം പിടിയ്ക്കുക്കൂ നമു-
ക്കന്യോപാധിവഴിയ്ക്കഴിഞ്ഞു വരുമോ-
നന്നാകുമീസ്സൌഹൃദം
ശുദ്ധബ്രാഹ്മണ! കള്ളമുള്ളുനിരയും-
കണ്കോണിളക്കിച്ചതി-
ശ്ശുദ്ധപ്പുഞ്ചിരിയോടു ചേർന്നൊഴുകുമീ-
കള്ളക്കളിച്ചൊല്ലലിൽ
ബദ്ധഭ്രാന്തിയിറങ്ങി മുങ്ങിടരുതേ
താ,നെന്നെയെന്തോ സുധോ-
ന്നദ്ധപ്രൌഢശശാങ്കശങ്കിമുഖിയാള്‍
വട്ടന്തിരിയ്ക്കില്ലെടോ.
പാവങ്ങളിൽ പ്രണയവും, പരപുച്ചച്ഛവിദ്യാ-
ഭാവങ്ങളുള്ളവരിൽ നീരസവും, സഖേ! മേ
ദേവങ്കൊടുത്തൊരുപദേശവഴിയ്ക്കകത്തു
പോവുങ്കൊടുപ്രകൃതിയാണതുമോതണോ ഞാൻ?
കളിയാപ്പറയുന്നതായ്‍വരാം
കിളിയാഭാഷിണിയാളതിൽപ്പരം
തെളിയാതെ വൃഥൈവ നെറ്റി! നീ
ചുളിയായ്കെന്നു പറഞ്ഞടങ്ങി ഞാൻ
ശുദ്ധപ്രേമം പെടുന്നല്ല
'മുഗ്ദ്ധപ്പൂങ്കാവന'ത്തിൽ ഞാൻ,
ബദ്ധസ്നേഹം കളിയ്ക്കുന്നു-
ണ്ടർദ്ധനാരീശ്വരക്കളി.
കുട്ടന്റെ കത്തു കിട്ടീ പിട്ടല്ലാ കവിത നല്ല കടുകട്ടി,
ഒട്ടിനി മേലീമട്ടിക്കുട്ടിമിടുക്കൻ കൃതിയ്ക്കിൽ നിലകിട്ടീ.
ഗുരുവരനൊടെടോ ഞാൻ ബുക്കുവായിച്ചുപോയെ-
ന്തൊരു വഴിയിയിലിരിക്കുന്നുണ്ടതെന്നുള്ളതെല്ലാം
തരമൊടൊരുദിനത്തിൽച്ചെന്നു ചോദിച്ചു പത്രാ-
ന്തരമൊരുകുറി നിങ്ങൾക്കേകിടുമ്പോൾക്കുറിക്കാം.
കൂനേഴനോടു നരസിംഹനിലയ്ക്കു കഷ്ടം
താനേഴനായ് വഴിപിഴിച്ചുപൊഴിച്ചതിന്നും
ഞാനേകപദ്യമെഴുതും, പുനരന്നുതൊട്ടു
താനേ ഭവാൻ പഴയമാതിരി പഥ്യമാകും
ഭാഷയിൽ സംസ്കൃതശ്ലോകം ഭാഷ സംസ്കൃതമായതിൽ
ദോഷമറ്റിവനിര്‍മ്മിപ്പാനേഷഞാൻതുനിയാം സഖേ!!
ചതിച്ചു പത്രാധിപർ, പേരുമാറി-
പ്പതിച്ചതാവിഡ്ഡി വലിച്ചെടുത്തു;
അതിൽച്ചിതക്കേടു തനിയ്ക്കു തോന്നു-
ന്നതിൽച്ചിരം പാതകിയാകുമേ ഞാൻ
കട്ടന്റെ കത്തിനുമിതിൻമറുഭാഗമേ ഞാൻ
തട്ടുന്നതുണ്ടു മറുകത്തതു താൻ തരത്തിൽ
പെട്ടന്നു ചീന്തിയവനേകണ, മെന്തിനായ് ല-
ക്കൊട്ടൊന്നു വേറെയിവിടെച്ചിലവിട്ടിടുന്നൂ?