Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 102

102

കൊടുങ്ങല്ലൂർ 5-1-74


തീക്കട്ടക്കണ്ണ! പൊള്ളം മുകർ തവ മുകറോ-
ടൊന്നടുപ്പിയ്ക്കിലെന്നേ
മേൽക്കെട്ടിപ്പുൽകുവാനും പണിയണിഫണിയെ
ങ്ങാനുമെന്നേക്കടിയ്ക്കും;
നോക്കട്ടേ ദൂരെനിന്നീങ്ങിനെ മതി രതി നോം-
തമ്മിലെന്നും പറഞ്ഞി-
ട്ടുൾക്കെട്ടും പ്രേമകോപച്ചെറുചിരി ഹരനിൽ
ത്തൂകുമമ്മേ! തുണയ്ക്ക.


"തുണ്ഡീര"നായ് സംസ്കൃതപദ്യബന്ധ-
ഡിണ്ഡീരവാദ്യപ്പടി താളമിട്ടും
ഖണ്ഡിച്ചു നമ്മോടിതു ചൊന്നതെന്തോ 
ണ്ഡിച്ചുകൊൾവാൻ മടിതന്നെയെന്നോ?


"ചെറുമലർവാടി"യിൽച്ചെറുതു ചേര്‍ന്നു കളിച്ചിടുവാൻ
വെറുമതിമോഹിയാം രസികപുരുഷനിന്നൊരുവൻ
പരമതു കാത്തിടും നരനെയെങ്ങിനെയെങ്കിലുമേ
പരമമിടുക്കിൽ മാറ്റിടുവാൻ മതിയായിടുമേ.


നന്നാകുമീനമ്മുടെ കൌശലങ്ങ-
ളെന്നാകുമീപ്പേന നടിപ്പതെന്നാൽ
എന്നാകുമീ ഹാ ഫലമെന്നു ചിന്തി-
ച്ചിന്നാകു. മീ വാര്‍ത്തയറിഞ്ഞതീഞാൻ


എന്നേ വൈഷമ്യമായീ 'മലയിൽ' മമ മനോ
രാജ്യവാൻ ധീവരൻ പോയ് -
ച്ചെന്നേറീ മീൻപിടിയ്ക്കാൻ കഴുത പുഴയിത-
ല്ലെന്നസത്തിന്നറിഞ്ഞൂ;
എന്നേ 'വഞ്ചി'യ്ക്കയച്ചീ മലനിലയിലുറ-
പ്പൂന്നി വാണീടുമെന്നോ?
നന്നേതായാലുമിമ്മാതിരി പുതുമ കൊടു-
ക്കുന്ന കോമാളിവേഷം.


ചെങ്ങാതി മലയിലും മതി-
മങ്ങാതിഹ പുഴയിലും കളിയ്ക്കുമ്പോൾ
എങ്ങാനുമിഷ്ടനുഴലുവ-
തെങ്ങാനുമൊരോർമ്മവരികിലതു മതി മേ.


രണ്ടു വഞ്ചിയിലും കാലു-
കൊണ്ടു വെച്ചാൽ വരും ഫലം
കണ്ടു ശീലം നമുക്കെന്തു-
കൊണ്ടും കൂസുന്നതല്ല ഞാൻ.


കുട്ടന്നു വിട്ട കുറിമാനമതിന്നുമെന്റെ
കെട്ടെന്നുമാതിരിയയച്ചൊരു ബുക്കുകൾക്കും
പെട്ടെന്നു കിട്ടുമനുമോദനപത്രമെന്നാ-
യിട്ടന്നു ഞാൻ കരുതിനിന്നതു നഷ്ടമെന്നോ?


അതാവില്ലായാളങ്ങലമബലമാർപാട്ടിലമരു-
ന്നതായാലും മറ്റുള്ളവർകളെ മറന്നെന്നു വരുമോ?
"ഇതാ നോക്കൂ;കാത്തുള്ളിയെയവനിതും വേറെയുമുദി-
പ്പതായിക്കണ്ടില്ലേ കരുതിടണ''മെന്നോ പറവതും.


എന്നാലുമെല്ലാവരുമാവിധക്കാ-
രെന്നായ്‍വരില്ലായതിനില്ല വാദം;
എന്നാണു തോന്നുന്നതിനിയ്ക്കു, കമ്പം
വന്നാലതായി വിധിയാരറിഞ്ഞു?


രണ്ടുമൂന്നു ദിനമിങ്ങു കണ്ടു പേർ-
കൊണ്ടു യോഗി നടകൊണ്ടു മറ്റുനാൾ;
ഉണ്ടു പിന്നെയൊരു വൻ വിരണ്ടുഞാൻ
കണ്ടു പിട്ടിൽ മുടിയാണ്ടു മുങ്ങിയോൻ.


കുഞ്ചിയ്ക്കു കുഞ്ഞികൃഷ്ണൻ പോയ്
ക്കൊഞ്ചിയാൽ ബോദ്ധ്യമാകുമോ?
നെഞ്ചിൽ കാമനെയും കൂടി
വഞ്ചിപ്പോളവളാണുപോൽ!


കൂനേഴൻ ചൊല്ലിടുന്നൂ "മമ ഗുരുവരനാം
തമ്പുരാൻ ചൊല്കയാലേ
ഞാനവം പേരൊടൊപ്പിട്ടിതു കഠിനമിത-
ന്യായപത്രത്തിലത്രേ
സ്ഥാനേ സത്യം വെടിഞ്ഞിട്ടൊരുചെറുമൊഴിയും
ചൊല്ലിയാ ക്കോർട്ടിലീ ഞാൻ
താനേ ചൊല്ലട്ടെ നേരേ നടുവമിടയുവാ-
നിത്രയെന്തെ”ന്നിവണ്ണം.


കരുണാവിലാസവിളഭൂമിയായിടും
ഗുരുനാഥനങ്ങെഴുതിവിട്ട കത്തിനും
ഒരു ചിത്രകത്തിനുമടുത്തൊരുത്തരം
തരുവാനമാന്തമൊരു ദീർഘമൂലമാം.


അന്തിയാവതിനടുത്തിതുണ്ണുവാ-
നന്തികേ വിളിതുടങ്ങി പട്ടരും;
എന്തിനിന്നി മുഷിയുന്നു? ലേശവും
പന്തിയല്ല മതിയാക്കിടട്ടെ ഞാൻ.