Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 100

100

കൊടുങ്ങല്ലൂർ 32-12-73


മടിയ്ക്കുള്ളിലും പിന്നെ വേറിട്ടു ഗൂഢം
മുടിക്കെട്ടിലും ഭാര്യയേ ബ്ഭേസുമപ്പൻ
മടിയ്ക്കാതെ പിന്നാലെയോടീട്ടുമെത്തി-
പ്പിടിയ്ക്കാതെ പറ്റിച്ച ... ... ... ... കൊള്ളാം.


ഇന്നാവാം, പിന്നെയാട്ടേ, മടി ബഹുവിഷമം;
നമ്പർ നാളയ്ക്കു നീട്ടാ,-
മെന്നാലേ പന്തിയാവൂ, ചെറുകരുവിനിനി-
ത്തോലിപറ്റാതെ പറ്റാ;
എന്നാലിന്നൊന്നു ബുക്കൊക്കെയുമിവിടെ വരു-
ത്തിച്ചുവയ്ക്കാം വരട്ടേ-
യെന്നാലോചിച്ച നീണ്ടൂ ദിവസ,മിതു വെടി-
പ്പല്ലയെന്നിന്നുറച്ചു.


എടോ പിടിയ്ക്കൂ മമ ബുക്കിതഞ്ചും
വിടോല്ല വായിച്ച മറിച്ചിടേണം;
പടോ! ഭവാൻ ലേശവുമിങ്ങുമാന്തി-
ച്ചിടോല്ലഭിപ്രായവുമോതിടേണം.


പാട്ടിൽക്കൌശലമേറിടുന്നൊരു ഭവാ-
നെന്തോ കവിഭ്രാന്തിൽ ഞാൻ
കാട്ടിക്കൂട്ടിയകൂത്തു നോക്കി വെറുതേ
നേരം കളഞ്ഞിടുമോ?
കൂട്ടില്ലേ നടുവംമഹൻ പഴുതെയായ് -
വയ്പിക്കയില്ലെന്നു ഞാൻ
കൂട്ടിക്കെട്ടിയയച്ചതാണതുമയാൾ
പ്രത്യേകമോര്‍ത്തീടുമേ


ബുക്കുകൾ കിട്ടിയ വിവരമ-
തിക്കുറി പദ്യങ്ങളാക്കിയെഴുതിവിട്ടു;
തൽക്കാലം പിന്നെയ്ക്കായ്
വയ്ക്കാം വായിച്ചുകണ്ടഭിപ്രായം.


വേറിട്ടിപ്പോളെഴുതി വിടുവാനില്ല-
ശേഷം വിശേഷം
നേരിട്ടിട്ടിന്നലെയെഴുതി ഞാൻ മറ്റെ-
യാൾക്കു,ള്ള ഘോഷം
പേരിട്ടില്ലാ കണവനു, പെരുങ്കൊങ്ക -
മാറാത്തശേഷം
കൂറിട്ടിട്ടും ദൃഢമിതിവിടെപ്പെങ്കി-
ടാങ്ങൾക്കു ദോഷം


മൂന്നുണ്ടു മൂപ്പിലെവകയ്ക്കിഹ പെങ്കിടാങ്ങൾ,
മുന്നും മുഴുത്തമുലമൂടി നടന്നിടുന്നൂ;
തോന്നുന്നതില്ലൊരു പുമാനുമടുത്തുചെല്ലാ-
നൂന്നുന്ന ദൈവവിധിയാര്‍ക്കു തടുത്തിടാവൂ?


ഇന്ദ്രൻ വന്നുപറഞ്ഞു, ചണ്ടിയവനോ
മേലൊക്കെയും കണ്ണുതാൻ, 
ചന്ദ്രൻ ദൂതനെ വിട്ടലട്ടി,യവനും
വേണ്ടാ ക്ഷയക്കാരനാം;
കന്ദർപ്പന്നതിമോഹമുണ്ട, വനനം-
ഗൻ, പെണ്ണു കൂട്ടാക്കയി-
ല്ലെന്നും മറ്റുമുരച്ചു തള്ളകൾ തരം
നോക്കുന്നതുണ്ടിപ്പൊഴും


നടുവമ്മഹനുടെ പഴകിയ
മടവാരുടെ ചിറ്റ പെറ്റ കുഞ്ചിയ്ക്കും,
കിടയാ തനിയ്ക്കു തക്കൊരു
കിടയാളെപ്പെറ്റു തള്ളിടുംവരെയും.


ഇല്ലെന്നില്ലെന്റെ ഭാര്യക്കു
ള്ളില്ലത്തുമൊരു സുന്ദരി
വല്ലഭൻ മാത്രമില്ലാരും
ചൊല്ലുമാറില്ലയിക്കഥ.


കൊടുങ്ങല്ലൂർ നാട്ടിൽപരിചയവിശേഷം ചെറുതുമേ 
തുടങ്ങാത്തത്താങ്കൾക്കതിപുതുമയാമെങ്കിലുമെടോ
ചടങ്ങിന്നോതിയ്ക്കൻ ചടുലമിഴികൾക്കൊക്കെ, യരിക-
ത്തടങ്ങിപ്പാര്‍പ്പില്ലേ നടുവമവനാണീവിവരണം


വിശേഷമില്ലെന്നു പറഞ്ഞു ഞാനി-
ങ്ങശേഷകന്ന്യാവിവരക്കുറിപ്പും
കുറിച്ചു കാണിച്ചതു കമ്പമെന്നായ്
തിരിച്ചു കുത്തീടിലിളിയ്ക്കുമേ ഞാൻ".