Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 98

98

കൊടുങ്ങല്ലൂർ 24 12-73


അടങ്ങാതെപ്പോഴും പലപല വിലാസക്കളി കലർ-
ന്നൊടുങ്ങാതോലുന്നൽക്കനിവുടയ കാളിക്കടമിഴി
മടങ്ങാതെ നിണ്ടീടണമയി തവ ക്ഷേമമതിനീ-
കൊടുങ്ങല്ലൂർ നിന്നാപ്പഴയ പഴയന്നൂരുവരെയും


തമ്മിൽപ്പിരിഞ്ഞമുതലുള്ളൊരു വർത്തമാനം
മന്മിത്രമേ! തവ കുറിച്ചുവിടേണ്ട ഭാരം
ചെമ്മേ കഴിച്ചുവിടുവാനിത പേനയേന്തി-
യുന്മേഷമില്ലെഴുതിടുന്നതിലെന്തുകൊണ്ടോ?


വേറിട്ടന്നാളഹമവിടെനിന്നിട്ടു
പോന്നാവടക്കാ-
ഞ്ചേരിസ്റ്റേഷൻ നഹി നഹി സഖേ! പട്ടർ-
വീട്ടിൽ ഭുജിച്ചേൻ,
കേറീട്ടപ്പോൾ ഝടിതി ശിവപേരൂര്‍ക്കു
ഞാൻ വണ്ടിയിൽപ്പോയ്
നേരിട്ടന്തിയ്ക്കരമനയിലന്നുണ്ടു
മിണ്ടാതുറങ്ങീ


പിറ്റേന്നാളന്തിയായപ്പോൾ
മറ്റേതും നോക്കിടാതുടൻ
തെറ്റേന്ന്യേ പോന്നു പിറ്റേന്നാൾ
തെറ്റെന്നീ നാട്ടിലെത്തിനേൻ.


ഇതുവഴിവഴിയാത്രശ്ലോകമുണ്ടാക്കിനോക്കു-
ന്നതു വളരെ രസംതാനെങ്കിലും വൻകവീന്ദ്ര!
മുതുമടിയുടെ കൂത്താട്ടത്തിലൊത്തില്ലിളന്തേൻ-
പുതുമധുരിമകക്കും വാക്കു കയ്ക്കൽക്കഴിഞ്ഞു.


കുറച്ചുനാളെയ്ക്കിനി വിശ്രമത്തിനാ-
യുറച്ചു നീളെച്ചില പത്രപങ്ക്തിയിൽ
വരച്ചുനോക്കാം പുതുകാവ്യകല്പന-
യ്ക്കുരച്ചുകൊള്ളായ്ക്കൊരു വീര്‍പ്പിടട്ടെ ഞാൻ.


ഓണക്കാഴ്ചയ്ക്കു ഞാനീശ്ശതകമവിടെയ-
ങ്ങെത്തുമാറാക്കിനോക്കും
"വേണങ്കിൽച്ചക്ക വേരുമ്മലു"മിതി മൊഴിയൊ-
ന്നുള്ളതൊട്ടുള്ളതെന്നാൽ
ക്ഷീണംതീര്‍ത്തുള്ളമൂന്നി ക്ഷണികകവിതയിൽ-
ക്കൈകൊടുത്തെങ്കിലെന്തോ
കാണത്തക്കൊന്നതല്ലാത്തിതിനുമിവനു ഹേ
തോഴരേ! ദണ്ഡമുണ്ടോ?


കുട്ടന്നു ബുക്കുകളയച്ചുകൊടുക്കുമെന്നു
പെട്ടെന്നു ചൊല്ലിയതുപോലെയമാന്തമെന്ന്യേ
കിട്ടുന്ന ബുക്കുകളെടുത്തൊരു ബങ്കിയാക്കി-
ക്കെട്ടുന്നതുണ്ടു വിടുമായതു നാളെയീ ഞാൻ.


കുഞ്ഞിക്കാവിനു താൻ കൊടുക്കണമെടു-
ത്തീക്കള്ളനോട്ടത്തൊടെൻ
കഞ്ഞിക്കാമവികാരവിത്തുവിതയു-
ള്ളിപ്പുഞ്ചിരിക്കണ്ഠവും
കുഞ്ഞിക്കൊങ്ക മറച്ചുനിന്നവൾ കുനി.-
ഞ്ഞാദ്ദാനമേറ്റെങ്കിലോ
കുഞ്ഞിക്കുട്ടനെഴുത്തയയ്ക്കണമിതാ-
ച്ചിറ്റശ്ശിയേക്കാട്ടൊലാ.


ചിറ്റശ്ശി കേട്ടാൽച്ചിറികൂട്ടി,യല്ലാ
പറ്റിച്ചുവോ കൌശലമെന്നുമോര്‍ക്കും
മറ്റൊന്നുമീയുള്ളവനില്ല ചെറ്റു
പറ്റിച്ചുപോന്നു മനമത്രമാത്രം.


അതും പോട്ടേ പിന്നെപ്പരമഴകു -മീ-പാട്ടിലിവനേ-
പുതുപ്രൌഢാലാപക്കളികളുമിളക്കും വെടികളും
പതുക്കെച്ചിത്തത്തിൽക്കരുതിയെഴുതിട്ടെന്തു ഫലമീ 
മുതുക്കാമഭ്രാന്തക്കഥകളിലവൾക്കുള്ളലിയുമോ?


കാട്ടേണം കുട്ടനേയും ചില കവിതകളെ-
ന്നിത്രമാത്രം പറഞ്ഞീ-
ക്കൂട്ടേറും ഞാൻ കുറിയ്ക്കും കുറിയതിഹ വിശേ-
ഷിച്ചു ചൊല്ലേണ്ടതില്ല;


ആട്ടേ വിസ്താരമായിട്ടിതിനു മറുപടി-
ക്കത്തിലയ്മ്പോടു കുത്തി-
ക്കൂട്ടേണം വേണ്ടെതെല്ലാം വിരവൊടെഴുതി-
ക്കോര്‍ത്തിടും പദ്യസൂത്രം.


ശ്ലോകത്തിലങ്ങെഴുതിടും മറുകത്തിൽ വീണ്ടും
ശ്ലോകത്തിലാക്കിടുക വേണ്ടതു വേണ്ടപോലെ
ആകെത്തിരിച്ചറിയണം മമ കാര്യമൊക്കെ -
പ്പാകത്തിലാക്കണമതും പറയേണ്ടതില്ല.


അപി 'സന്താനഗോപാലനാടകം' തദമുദ്രിതം
സമസ്തമസ്തി തേ ഹസ്തേ കൊച്ചുണ്ണിനൃപനിര്‍മ്മിതം.


ഇദം വിദ്യാവിനോദിന്ന്യാ
മുദ്രാപിയിതുമര്‍ത്ഥ്യതേ
ന ചേദത്ര വിരോധസ്തേ
സംഖേ! സംപ്രേഷ്യതാം മമ


ലിപിയിന്ന്യാസസൌമുഖ്യം
ഭവദ്വിലിഖിതേസ്തി യൽ
അതസ്സമ്പ്രാര്‍ത്ഥയോ മോക്തു-
മധിവിദ്യാവിനോദിനി.