Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 97

97

കൊടുങ്ങല്ലൂർ 18-9-72


മങ്ഗളം ഭരണിപ്പാട്ടാ-
ണിങ്ങു കാലോചിതം സഖേ!
... ... ... ... ... ... ... ... ... 
... ... ... ... ... ... ... ... ... ... ... ...

 

ഗൌരീദേവിയെ വേട്ട തേവർ തലയിൽ-
ച്ചാര്‍ത്തുന്ന പൂവായിടു-
ന്നോരീ വെണ്മതി മാത്മമാലധികമാ-
യുൾക്കൊണ്ടു കയ്ക്കൊണ്ടതിൽ
ഏറീടുന്നോരസൂയയൊത്തു വിബുധ-
ന്മാര്‍ക്കുള്ള വാദ്ധ്യാരു പിൻ-
മാറീടുമ്പൊളുഴന്ന തദ്ദയിതയേ
പ്പാലിച്ച താനേ! തൊഴാം


ആീജവനാന്തമിഹ നിൻവിരഹാര്‍ത്തിഭാര-
രാജീവനാന്തമതിലാമകൾ പെട്ടിരിയ്ക്കേ
വ്യാജീകരിച്ചവളെ വീണ്ടൊരു നാണിയമ്മ
ഹേ ജീവകല്പ! നമനത്തിനു പാത്രമായോ?


തൊണ്ണൂറ്റെട്ടു വയസ്സു ചെന്നതുവരെ-
സന്യാസിയായ നിന്നുമാ-
ത്തൊണ്ണൂറ്റൊയ്മ്പതിലൊന്നു ചാഞ്ഞു പുലയാ-
ടിപ്പോയ മട്ടിൽ സ്സഖേ!
കണ്ണേല്പിച്ചതുപോലുമില്ല മകര-
സ്സംക്രാന്തിവന്നിട്ടുമ-
ന്നുണ്ണേശ്ശിയ്ക്കതിദുഃഖമാക്കി പുതുതാം
സംബന്ധമേന്തും ഭവാൻ.


ഇന്നും താങ്കടെ വാര്‍ത്ത ഞങ്ങൾ ചിലർ ചെ-
ന്നോതുമ്പോൾ വല്ലാതെയാ-
യൊന്നുംതന്നെ പറഞ്ഞിടാതെ വളരെ-
ക്കണ്ണീരൊലിപ്പിപ്പതും,
ചിന്നുംമാതിരി ചൂടുപെട്ട നെടുവീര്‍-
പ്പിക്കാവയയ്ക്കുന്നതും,
നിന്നുംകൊണ്ടിഹ കണ്ട സാക്ഷി സുമതേ!
ചൊല്ലുന്നതിന്നെന്തു ഞാൻ?


തെറ്റില്ലങ്ങയ്ക്കെന്നു ഞാൻ സമ്മതിയ്ക്കാം,
വറ്റില്ലപ്പെണ്ണിന്നിതൊന്നാലെ ദുഃഖം,
മറ്റില്ലൊന്നും ചൊല്ലുവാൻ തന്റെ 'യോഗം'
പറ്റില്ലൊട്ടും കഷ്ടമൊന്നാക്കിടൊല്ലേ!


തച്ചീലച്ചു പറഞ്ഞയച്ചതു പറ-
ഞ്ഞാലെന്തതില്ലെങ്കിലെ-
ന്തച്ചേലുള്ളവളായതിങ്കലധികം
ദുഃഖിച്ചിടുന്നില്ലെടോ;
കച്ചേലു മുലയാളുമൊത്തു സുഖമാ-
യ്‍വാഴും ഭവാനൊന്നിട-
യ്ക്കിച്ചേലും നിരുപിയ്ക്കു മെങ്കിലതുകൊ-
ണ്ടിക്കാവിനാശ്വാസമാം.


കുറവധികം താങ്കളിലായ്-
പറവതിനിക്കാവിനില്ല, മാദ്ധ്യസ്ഥ്യം
പറയാം ഞാൻ, സംബന്ധം
പറയാനവകാശിയാണുതാനും താൻ.


പക്ഷേ സ്വാതന്ത്ര്യമില്ലാത്തൊരുവളവൾ ഭവാ-
നോടിതോതാഞ്ഞതിന്നു-
ള്ളാക്ഷേപം സമ്മതിയ്ക്കും പുതിയപിഴയിൽ മാ-
പ്പിന്നപേക്ഷിക്കുമെന്നാൽ,
സൂക്ഷ്മം ചൊല്ലുമ്പൊളീ ദുര്‍ന്നില പറവതിനു-
ണ്ടായ നാണത്തിനാലാ-
ണക്ഷാന്തം കത്തയയ്ക്കാഞ്ഞതു പറക ഭവാൻ
മാറിയോര്‍ക്കുന്നതുണ്ടോ?


വിരസതയല്ലിക്കാലം
നരസിംഹത്തിന്റെ നേര്‍ക്കു കാട്ടേണ്ടു!
സരസസഖിമട്ടെടുക്കൂ
പരമവനതിലല്ലയോ വിഷാദിപ്പു.


സമ്പ്രതി, പാപ്പിത്തമ്പാൻ
സമ്പ്രതിയവർകൾക്കു രണ്ടു കൊല്ലത്തേ
സസ്പേണ്ടുണ്ടതു ശുദ്ധം
ന്യൂസ്പേപ്പർ വിലാസമല്ല, നേരല്ലോ


തരമായാൽ ഹാംലെറ്റും
തരാം വിശേഷങ്ങൾ ഗുരുവിനെയുണര്‍ത്താം
കരുതുക മുൻനില, നിരസി-
യ്ക്കരുതിക്കാവിനെയതെത്രയോ പാവം.


പൊല്ലീസ്സുകൾക്കു പതിയായ പുഴംകരയ്ക്കു
വില്ലീസ്സുവെച്ചൊരു സലാം തരുവൻ, കൊടുക്കൂ
മല്ലീശരാരിയുടെ മാനിനിതന്റെ ലോല-
ചില്ലീ വിലാസമരുളട്ടെ നമുക്കു സൌഖ്യം.


മുമ്പായിതു കാണ്കെന്നുടെ
തമ്പാട്ടിയ്ക്കുണ്ണിയല്ല പെണ്ണുണ്ടായ്;
അയ്മ്പാര്‍ന്ന ദൈവയോഗാൽ
വയ്മ്പാര്‍ന്നു സുഖം മകൾക്കുമമ്മക്കും.