കൊടുങ്ങല്ലൂർ 25 കന്നി 72
ജടാജൂടക്കാരൻ ചില കുസൃതിചെയ്തെന്നു ചെറുതുല്‍-
ക്കടാടോപം കള്ളക്കടമിഴിയെഴുത്താൽപ്പറകിലും,
സ്ഫുടാമോദം ചൂഴും പുതുമധുരമന്ദസ്മിതമുതൃ-
ത്തിടാനാരംഭിയ്ക്കും വലിയ മലമങ്കയ്ക്കിത തൊഴാം.
പതഞ്ഞു പൊങ്ങുന്നമൃതിങ്കൽ മുക്കി-
പ്പതം വരുത്തീടിന പദ്യജാലം
ഇതമ്പടാ!! താങ്കളയച്ചതേറെ-
ച്ചിതമ്പെടുത്തീ മമ മാനസത്തിൽ
ചൊടിച്ചു ചൊല്ലുമ്പോളെതൃത്തു കേറി-
പ്പിടിച്ച നിന്നീടുകിലില്ല സാദ്ധ്യം;
മടിച്ചുനിൽപും ശരിയല്ല, തെല്ലൊ-
ന്നിടിച്ചുവെയ്ക്കാം തവ ശുണ്ഠിമാത്രം
ഓരോരെണ്ണങ്ങളായിപ്പല പിഴയുമിനി-
യ്ക്കുള്ളതായങ്ങു കാണി-
ച്ചോരോപദ്യങ്ങളായിട്ടെഴുതിയതിനു ഞാ-
നുത്തരം സത്വരം തേ
നേരോടും സമ്മതിച്ചും ചിലതു ചിലതതിൽ
ധിക്കരിച്ചും കഥിയ്ക്കാ-
മാരോടും ഭോഷ്കുപറ്റാ സഖികളൊടു വിശേ-
ഷിച്ചുമൊട്ടില്ലിതൊട്ടും.
പ്രേമപ്രക്രമമൂർച്ഛകൊണ്ടു ശരിയാ-
യസ്മൽഗുരുപ്രായനാം
ശ്രീമൽക്കേരളവർമ്മദേവനു, ഭവാ-
നാപ്പെട്ടൊരാപത്തു ഞാൻ
ധീമൻ! കിഞ്ചന കത്തുമൂലമറിവാ-
ക്കിത്തീര്‍ത്തതും കുറ്റമോ?
നാമപ്പോളതുമീവഴിയ്ക്കു വരുമെ-
ന്നോര്‍ത്തില്ലെടോ തോഴരേ!
വയമ്പൊത്തിടും മിത്രജനത്തിനൊക്കും
സമ്പത്തുമാപത്തുമൊരേവിധത്തിൽ,
അയ്മ്പേറി യന്ന്യോന്യമെഴുത്തയയ്ക്ക
മുമ്പേ നടപ്പാണതുമെൻകുനുട്ഠോ?
സന്തോഷഭാവമതിൽ ഞാ-
നെന്തോ കാണിച്ചുവെന്നല്ലേ?
എന്തോഴാ! താൻ ചൊന്നതി-
തെന്തോ തവ നീരസിക്കുശുമ്പല്ലേ?
ദോഷ ലേപം ഭവാനുള്ളതിനൊരു മറവി-
ന്നസ്മദന്ത .. .. .. ല്‍
ദോഷാലാപം തുടങ്ങും മകനു മഹിമയു-
ള്ളച്ഛനും സാക്ഷിയത്രേ;
രോഷാവേശംപരക്കെജ്ജനമതിനു ഭവാ-
നുത്ഭവിപ്പിച്ചു കൊള്ളാം
ഭേഷായന്തത്തിലെന്തോ ഗുരുകലമതിലേ-
യ്ക്കുള്ള സമ്മാനദാനം.
എന്നാലോ സത്യമങ്ങും സകലമറിയുമാ-
ദ്ദൈവവും കണ്ടിരിയ്ക്കാ-
മൊന്നാലോചിച്ചുനോക്കൂ തവ മൊഴി സകല-
മ്പേര്‍ക്കുമുൾക്ഷോഭമേകീ;
എന്നാലും പിന്നെയൊന്നോര്‍ക്കുക ശിവശിവനേ!
ശിഷ്യവാത്സ'മെന്താ-
ണെന്നാലും താങ്കളെക്കാപ്പതിനു ഗുരു കൃപാ-
രാശി സന്നദ്ധനായി
പാരം തന്റെ നിലയ്ക്കു വേണ്ട തെളിവു-
ണ്ടാക്കീടുവാനുള്ളൊര-
ബ്ഭാരം തൻ ഗുരുവിൻ തലയ്ക്കുടനണ-
ച്ചൊറ്റയ്ക്കു തെറ്റിയ്ക്കുവാൻ
ആരംഭിച്ചൊഴിയാൻ മുതിര്‍ന്നൊരു ഗുരു-
ദ്രോഹപ്പുറപ്പാടില-
ന്നേരം തെല്ലു ചൊടിച്ചു ഞാൻ, മരുമകൻ
ശിഷ്യൻ ക്ഷമിച്ചീടുമോ?
അമ്മയോടിതു തടഞ്ഞുനോക്കുവാൻ
നന്മയോടിവനുരച്ചു കൌശലം
മര്‍മ്മയോധിനിലയാം ഭവാനിലീ-
ക്കര്‍മ്മയോഗമപരാധമേറ്റു ഞാൻ.
കുണ്ടൂരാനോടു കൂടുംരസമൊടു ശിവരാ-
ത്രിയ്ക്കു ഞാനാലുവായിൽ
ക്കണ്ടോരാനേരമോരോ വെടി പറയുമിട-
യ്ക്കീപ്രസംഗത്തിനുള്ളിൽ
"ഉണ്ടോരാന്മാര്‍ഗ്ഗ'മെന്നീവിധമനവധി തര്‍-
ക്കിച്ചു തക്കത്തിൽ നോക്കാ-
റുണ്ടോ രാജൽഗുണാബ്ധേ! മമത; മതിപെറും
യുക്തിയോഗങ്ങളെന്ന്യേ.
പുത്തൻകോവിലകത്തു വന്നസമയം
കോതമ്പു പാലൊക്കെയും
പുത്തൻ കോവിലകത്തു നിന്നു ചിലവി-
ട്ടച്ഛന്നു നൾകീലയോ?
ചിത്തങ്കോപമനാം പിതാവിനിവിടെ
സ്വാതന്ത്ര്യമില്ലേ? പരം
ചിത്തങ്കോപവശാൽ വെറുക്കിലകല-
യ്ക്കും നാമയയ്ക്കേണമോ?
വേഴ്ചയിലുളവായീടും
വീഴ്ചയുമൊരു നീരസം ഭവിയ്ക്കുമ്പോൾ
താഴ്ചയ്ക്കു മൂലമായി-
ക്കാഴ്ചയിൽ വരുമെന്ന ചൊല്ലു ശരിയായീ.
സൽക്കാരം ചെയ്തതില്ലാ തവ ജനകനു ഞാ-
നെന്നിരിയ്ക്കട്ടെയെന്നാൽ
ത്തൽക്കാലം നീരസം തേ വരികിലുമതു നി-
ന്നീടുവാൻ മാര്‍ഗ്ഗമുണ്ടോ?
മുക്കാലും ഞാനമാന്തവ്രതി കുഴിമടിയൻ
ശുദ്ധമോജസ്സുകെട്ടോ-
നിക്കാര്യം നിത്യവും കണ്ടറിവുടയ ഭവാ-
നീവിധം ചൊല്ലിടാമോ?
മാനം ചെറ്റും നിനയ്ക്കാതതുമിതുമധികം
സൌഹൃദം മൂലമായ-
ദ്ധ്വാനം ചെയ്തിട്ടുമീയുള്ളവരെയുപചരി-
ച്ചിട്ടുമിഷ്ടാതിരേകാൽ
ഞാനും താനും സമംതാനൊരുനിലയിലിരു-
ന്നിട്ടുമുള്ള കഷ്ടം
നൂനം തട്ടിത്തിരിഞ്ഞീയ്യൊരു നിലയിലക-
ന്നായതയ്യോ കടുപ്പം.
കാണിയ്ക്കും മൈത്രിമായാത്തൊരു വരസഖിയാം
ഞാൻ കനിഷ്‌ഠം കശുമ്പും
കാണിയ്ക്കുന്നുണ്ടുപോലും, പഴയനില ഭവാൻ
വിട്ടിടുന്നില്ലപോലും,
''കാണിക്കുറ്റം ചുമത്തുന്നതു കരുണയെഴും
ദൈവമേ!'' തോഴരായ്‍വ -
ക്കാണിയ്ക്കുന്നില്ല വല്ലെങ്കിലുമിവിടെയിട-
ഞ്ഞെന്തു ചൊല്ലീടിലും ഞാൻ.
നേരാരാണറിയുന്നതങ്ങനെയിരി-
യ്ക്കുമ്പോൾ ഭവാനിൽപ്പെടു
ന്നോരാക്കുറ്റമുറച്ചരച്ച ശരിയാ-
യന്ന്യാപദേശത്തിൽ ഞാൻ
പാരാതച്ഛനു പത്രികാമുഖമെഴു-
ത്തൊന്നേകിയെന്നും മഹാ-
പോരായ്മയ്ക്കതു പോരുമെന്നുമൊരു ന-
ല്ലാക്ഷേപമുണ്ടില്ലയോ?
ചൊല്ക്കൊണ്ടാരു 'കുമാരസംഭവ'മതിൽ
സത്തായ രണ്ടാമതാം
സര്‍ഗ്ഗത്തിന്നുടെ ഭാഷ കണ്ടു വളരെ-
ബ്ഭേഷായിയെന്നിങ്ങനേ
തക്കം പോലും ചെയ്തിലങ്ങു പറയും
'ദുഷ്ടാര്‍ത്ഥ'മൊക്കാതെയായ്
നില്ക്കും മാതിരി പദ്യമൊന്നു സുകവേ!
നിര്‍മ്മിച്ചു കാണിയ്ക്കെടോ?
ഇതുവിധമതിയായിട്ടെന്തിനാണേവമോരോ-
ന്നതുമിതുരചെയ്തീടുന്നു? ചെറ്റില്ല കാര്യം;
മുതുവിരസതയങ്ങയ്ക്കെന്നിലുണ്ടെങ്കിലാട്ടേ
കുതുകമൊടതു മീ ഞാനേല്ക്കുവൻ മേല്ക്കുമേലേ.
എല്ലാംകൊണ്ടുമിതിൽ ഭവാനു ചിലതിൽ-
ച്ചെറ്റെന്നിലും നീരസം
ചൊല്ലാൻ സംഗതിയുണ്ടതെങ്കിലതുപോ-
ലങ്ങോട്ടുമുണ്ടാമെടോ!
വല്ലാതെന്തിനു വിസ്തരിച്ചിനിയുമ-
ക്കാര്യം കഥിക്കുന്നു നോ;-
മെല്ലാം തള്ളുക; നമ്പർ കാലഹരണം
വന്നെന്നു വെച്ചീടണം''.
മതിയായ മട്ടിലിനിമേലിൽ
മമത തെളിവായ്‍വളര്‍ത്തുവാൻ
മാനമുടയ കവിമല്ലമണേ!
മനതാരുറച്ചിനി നമുക്കിരിയ്ക്കണം.
വേണ്ടുംവിധം നാടകമാക്കു നൾകീ-
ടേണ്ടൂ നമുക്കെന്നതു വൈകിടാതേ
വീണ്ടും തിരക്കിപ്പറയാമയയ്ക്കേ
വേണ്ടൂ ഭവാനെന്നുടെ കത്തുകണ്ടാൽ.
പത്താം തിയ്യതി തന്നകത്തു നിയതം
ഞാനാ 'വടക്കേസ്ഥല'-
ത്തെത്താൻ തീര്‍ച്ചയുറച്ചു വണ്ടിവഴിയാ-
ണായാത്രയും നിശ്ചയം;
മുത്താലൊന്നു പറഞ്ഞിടുന്നു ചൊറുവ-
ണ്ണൂരൊയ്മ്പതാംതിയ്യതി-
യ്ക്കൊത്താലൊന്നു നമുക്കു തമ്മിലവിടെ-
ക്കാണായിരുന്നൂ സഖേ!
ശേഷം കാഴ്ചയിലുള്ള വി-
ശേഷം പറയാം നമുക്കു മുറപോലേ;
ശേഷസമാനയശസ്സില-
ശേഷസമാമൃഷ്ടവിശ്വവീരകവേ!