മദ്രാസ് -എഴമ്പൂര് 68 തുലാം 1
കണ്ണിൽക്കണ്ട പദാർത്ഥമാസകലവും
കയ്ക്കൊണ്ടു തട്ടിത്തകർ-
ത്തണ്ണിക്കൊണ്ടു വലിച്ചെടുത്തു വളരെ-
ക്ഷീണിച്ചുകേണങ്ങിനേ
മണ്ണിക്കൊണ്ടിടുമപ്പൊഴമ്മയരുതെ-
ന്നോതുന്നനേരം കര-
ഞ്ഞുണ്ണിക്കണ്ണനു കണ്ണിൽ വാര്‍ന്നൊലിയുമ-
ക്കണ്ണീരിനായിത്തൊഴാം.
സഖേ! ഭവാനന്നു കുറിച്ച കത്തി-
ന്നഖേദമൊന്നുത്തരമേകിയല്ലോ;
സുഖേന വേറിട്ടൊരെഴുത്തു പത്ര-
മുഖേന നൽകുന്നതു വാങ്ങിയാലും.
അയി സഖേ! തവ നാടകമൊന്നിതി-
ന്നയമഹം പരിചോടു കവിപ്രഭോ!
നയമൊടൊത്തിഹ കാണ്മതിനായ്ക്കൊതി-
ച്ചയവെഴും രസമോടമരുന്നുതേ.
സീ. പി യ്ക്കായിട്ടയപ്പാൻ ദിവസമതു കുറ-
ഞ്ഞോന്നടുത്തോരുമൂലം
പ്രാപിയ്ക്കില്ലെന്റെ മോഹം പരമതു നിരുപി-
ച്ചിട്ടപേക്ഷിപ്പതില്ല;
ഹേ! പാര്‍ത്താലുണ്ടുപായം സരസതയൊടുടൻ
കോപ്പി വേറേ പകര്‍ത്തി-
പ്രാപിപ്പിച്ചാലുമെന്നന്തികഭുവി മുഴുവൻ
നോക്കി വായിച്ചിടട്ടേ
ഭാരംകൂടിയ ഭാരതം സരസമായ്
ഭാഷാന്തരം ചെയ്യുവാ-
നാരംഭിച്ചതുടങ്ങിയോ പരമതി-
ന്നേറ്റോർകളെല്ലാവരും?
സ്വൈരം വിശ്രുതമാദിപർവ്വമതിലാ-
ക്കൊച്ചുണ്ണിഭൂപാലകൻ
നേരം നിഷ്ഫലമാക്കിടാതെഴുതുവാൻ
കൈവെച്ചിതോ തോഴരേ!
എന്താണു മൂപ്പരുടെ ഗോഷ്ഠികളായതോര്‍ത്തു
സന്താപമാണ്ട മറുഭാഗികൾവാര്‍ത്തയെന്തോ?
ചിന്താവിലാപമെഴുമച്യുതമേനവന്താ-
നെന്താണു ചെയ്തതു സഖേ! വദ നമ്പർ തീര്‍ന്നോ?
വിവരങ്ങളാസകലവും
വിവരിച്ചെഴുതുന്ന പദ്യപത്രികയേ
കവിവര! കാണ്മാൻ കാത്തിഹ
കവിയും കൊതിയോടുകൂടി മരുവുന്നേൻ.
തിടുക്കത്തോടിതിന്നുള്ളി-
ലടക്കംചെയ്ത കത്തുകൾ
കൊടുക്ക കൊച്ചിനും, തന്റെ
മിടുക്കേറീടുമഛനും.