കൊടുങ്ങല്ലൂർ 2-5-69
കല്യാണമേകണമിനിയ്ക്കു സദാപി, സാക്ഷാൽ
ക്കല്യാണശൈലകുലവില്ലുടയോരു വീരൻ
കല്യാണകര്‍മ്മമതു ചെയ്തൊരു തമ്പുരാട്ടി
കല്യാണികാഞ്ചനതടിത്സമഗൌരി ഗൌരി
ക്രമമ്പോലെ വന്നെത്തിയല്ലോ ചികിത്സാ-
ക്രമം പുസ്തകം ഞാനിതിന്നഞ്ചൽമാര്‍ഗ്ഗം
സമം പത്രമോടും വിടുന്നേനിതെന്നാൽ
സമം പ്രീതിയോടും ഭവാൻ വാങ്ങിയാലും.
ഇതിനൊരു രൂപകൊടുക്കണ-
മതിനിനി മാര്‍ഗ്ഗം ഭവാൻ നിനച്ചാലും;
മതിമൻ! പരിശോധിയ്ക്കു-
ന്നതിനേല്പിച്ചതു മുറയ്ക്കുതീർത്തു തരാം.
ആയാളുണ്ടാക്കിയേകീടിന കവിതയത-
ല്ലായതോരോ മഹാന്മാ-
രായാപ്പണ്ടുള്ള സൂരിപ്രവരകൃതി പകർ-
ത്തിച്ചതാകുന്നുവല്ലോ;
ആയാസപ്പെട്ടതോരോന്നധികമിഹ തിര-
ഞ്ഞിട്ടു തപ്പിപ്പിടിച്ചെ-
ന്നായാലേ കാര്യമൊക്കൂ കവിവര! വഴിയേ
തെറ്റുനോക്കിത്തിരുത്താം.
കൊണ്ടാടിയങ്ങയുടെ നാടകമിപ്പൊഴൊന്നു
രണ്ടാമതച്ചടി കഴിയ്ക്കണമെന്നുറച്ചോ?
രണ്ടാകിലും ചെറുതു പത്തിനു രണ്ടു വീത-
മുണ്ടായതിന്നുമവകാശമിനിയ്ക്കു തോഴാ