കൊടുങ്ങല്ലൂർ 26-4-69
പ്രസന്നചന്ദ്രാരി മുഖാംബുജാനാം
പ്രവൃദ്ധവക്ഷോരുഹഭാരഭാജാം
പ്രഭോഃ പ്രമോദപ്രസരപ്രസാദ-
പ്രസാധനാനാം സ്മരത സ്മരാരേഃ
ഇന്നാളിങ്ങൊടിനിയ്ക്കു താങ്കൾ പരിശോ-
ധിപ്പാനയച്ചുള്ളൊരാ-
നന്നായുള്ളൊരു ബുക്കു നോക്കി മുഴുവൻ
തീര്‍ന്നീലതിന്നുള്ളിലായ്;
ധന്യാത്മജൻ! ചില മറ്റു ബുക്കുകളെയും
നോക്കേണ്ടതായ്‍വന്നുപോയ്;
നന്ദ്യാ നോക്കി മുറയ്ക്കയച്ചുതരുവൻ,
വെമ്പാതിരിക്കൂ സഖേ!
മിത്രാഗ്രേസര! കേട്ടുകൊള്ളണമിതും
വിജ്ഞാനചിന്താമണീ-
പത്രാധീശനെഴുത്തുവിട്ടു വഴിയേ
വേഗം ചികിത്സാക്രമം
അത്രാവശ്യമതിന്നയച്ചുതരുവാ-
നാളായതിന്നുത്തരം
പത്രാലേഖനമേകിയില്ലിതുവരേ
ഞാനെന്തുചെയ്യും സഖേ!
മധുരാശിയാത്ര യയ്മ്പതു-
മധുനാ താങ്കൾക്കു വേണ്ടാരാബുക്കും
ബുധവര! വരും; പരിഭ്രമ -
വിധങ്ങൾ വേണ്ടഞ്ചുപത്തുനാൾക്കുള്ളിൽ.
ഒന്നാന്തീയ്യതി പോരതിന്നുടെതലേ-
ന്നാൾതന്നെ നന്ദ്യാ ഭവാ-
നൊന്നാന്തീടിന കൌതുകത്തൊടിവിടെ-
യ്ക്കായൊന്നിറങ്ങീടണം;
എന്നാൽ നമ്മുടെ നാടകം പരമര-
ങ്ങേറുന്നതും കണ്ടിടാം
നന്നായ്മോദമൊടൊന്നുരണ്ടുദിനമി-
ങ്ങൊന്നിച്ചു കൂത്താടിടാം.