കൊടുങ്ങല്ലൂർ 24-8-68
പാലാഴിമങ്കയുടെ പാൽക്കുടമൊത്ത കൊങ്ക
മേലാക്കിവെച്ചു പുണരും പുരുഷൻ പുരാണൻ
മേലാൽ നമുക്കഴലടുത്തണയാത്തമട്ടായ്
ലീലാകടാക്ഷമലർമാലയയച്ചിടട്ടേ.
കോഴിക്കോട്ടു സഭയ്ക്കു പോയിടുകയെ-
ന്നന്നുള്ളൊരാലോചനം
പാഴിൽക്കെട്ടു പതുക്കെയെന്ന നിലയാ-
യെന്നങ്ങറിഞ്ഞീലയോ?
ആഴിക്കെട്ടുനിറച്ചു കീർത്തിച്ചിതറും
വണ്ണം പരപ്പിയ്ക്കയാ-
ലൂഴിയ്ക്കൊട്ടു വെളുപ്പുചേർത്തു വിലസും
ഭാഷാകവീന്ദുഭ്യുതേ!
രാഘവമാധവമെന്നായ്
ലാഘവമൊടു കേ.സി. കേശവകവീന്ദ്രൻ
ശ്ലോകനിധി തീർത്ത നാടക-
മാകെ നിനച്ചിട്ടു നിങ്ങൾ വായിച്ചോ?
എന്താണഭിപ്രായമതിങ്കൽ നന്നാ-
യെന്താകിലും കത്തു മുറയ്ക്കയച്ചോ?
ചെന്താർമകൾക്കുള്ളമണാളവൃത്തം;
ചിന്താവകാശം നഹിയെന്നുറച്ചോ?
പ്രായേണ നന്നെങ്കിലുമാശയാഭി-
പ്രായേണ ദോഷം ചിലതോതിടാതേ
ആയേ ഭവാനിങ്ങിനെ തട്ടിമൂടു-
കായേങ്കിലായാൾക്കതിതൃപ്തിയാമോ?
കണ്ട ദോഷങ്ങൾ കാണിച്ചു-
കൊണ്ടു വല്ലെങ്കിലും സഖേ!
രണ്ടക്ഷരം കറിക്കാതേ-
കണ്ടിരുന്നതു യോഗ്യമോ?