കൊടുങ്ങല്ലൂർ 1069 തുലാം 1
പരിപൊടു രാധയൊടു ചേര്‍ന്നു
പരമാസമാര്‍ന്നു ഗൂഢമായ്
പത്മവിശിഖകലഹം തുടരും
പടുവായ ഗോപകവിടന്നിതാ തൊഴാം.
പോരുമ്പോതു ഭവാനു വാര്‍ത്ത വിരവിൽ-
ക്കാണിച്ചു കത്തേകിയി-
ല്ലോരുമ്പോഴതുതന്നെയല്ലിഹ സഖേ!
വന്നിട്ടുമിന്നേവരെ
നേരംപോക്കിനുപോലുമൊന്നെഴുതിയി-
ല്ലെന്നീപ്പിഴയ്ക്കൊക്കയും
ചേരുംപോലെ കനിഞ്ഞു മാപ്പു മറുക-
ത്തോടും നമുക്കേകണേ.
ഉദ്യോഗമേറിയ ഭവാനയി! ഭാരതത്തി-
ലുദ്യോഗപർവ്വമതൊഴിച്ചഥ ഭീഷ്മപർവ്വം
വിദ്യോദധേ! വിരവിനോടു തിരിച്ചുവെച്ചു
സദ്യോരചിച്ചിടുക ഗീതയൊഴിച്ചു ശേഷം
അതികഠിനം ഗീതാംശം
മതിമാൻ കൊച്ചണ്ണിഭൂപതി പതുക്കെ
മതിയാം മട്ടു ചമച്ചാൽ
മതിയാമല്ലാതെകണ്ടു പറ്റില്ല
ഒന്നുണ്ടു വിശ്വസ്ഥിതിവര്‍ണ്ണനാംശ-
മെന്നുണ്ടൊരേടം തുണയാരുമെന്ന്യേ
നന്നായ് ഭവാനാലതു സാദ്ധ്യമാമോ?
തന്നാലെ വായിച്ചു നിനച്ചുനോക്കൂ!
യുദ്ധം തുടങ്ങിപ്പരമടുത്തു
യുദ്ധം തുടങ്ങീടുക സൽകവീന്ദ്ര!
യുദ്ധം വെടിപ്പായി വരേണമെന്ന
സിദ്ധം വിശേഷാൽ പറയേണ്ടതുണ്ടോ?
വൃശ്ചികവും കഴിയുമ്പോൾ
നിശ്ചയമായിട്ടു നാട്ടിലെത്തും ഞാൻ
സ്വഛമതേ! പുനുരുടനേ
തച്ചരണോപാന്തസീമ്നി വന്നിടുവൻ.
വിശേഷമിദ്ദിക്കിലുരപ്പതിന്നാ-
യശേഷമില്ലായതുകൊണ്ടിദാനീം
വിശാലബുദ്ധേ! വിരമിച്ച ശേഷ-
മശാന്തമോദത്തോടയച്ചുകൊള്ളാം.