കൊടുങ്ങല്ലൂർ 3_16_8
കരിമുകിൽ കളകാന്തിത്തിങ്കളിൽക്കെട്ടിനിര്‍ത്തി
പരിമൃദുലനിലാവിൽ പത്മരാഗം പതിച്ചു
ഗിരിശനുടെ മനസ്സാം ചില്ലിനുള്ളിൽക്കടത്തും
പരിചുടയൊരു പുത്തൻ ചിത്രമേ ചിത്രമേറ്റം
പലമട്ടു ചിത്രവിധികൊണ്ടു
പരമസുകൃതം പുകൾത്തിയോൻ
പര്‍പ്പനൃപതി കിളിമാൻ നിയലൻ
പലവുന്നമുക്കു നിജചിത്രമേകിനാൻ.
ധന്ന്യാത്മാ വിജയൻ മുകുന്ദതുണയു
ണ്ടെന്നുള്ള തള്ളിച്ചയാൽ
സന്യാസിച്ചതിവേഷമാണ്ടു നഗരേ
മാനിച്ചിരിയ്ക്കും വിധൌ,
കന്യാരൂപിണിയാം സുഭദ്രയെ മയ-
ക്കിക്കൈപിടിയ്ക്കുന്നതൊ-
ന്നന്യാസ്വാദ്യവിശേഷമായെഴുതി മേ
"തച്ഛായ”തന്നീടിനാൻ.
വിശ്വാകമ്പനവിശ്രുതോല്ക്കടതപ-
സ്സിങ്കൽ പ്രവേശിച്ചു തൻ-
നിശ്വാസോഛ്വസിതങ്ങൾ നിർത്തി നിബീഡാ-
നന്ദം വസിയ്ക്കും വിധൌ
വിശ്വാമിത്രമഹര്‍ഷിയേ സ്വസുഷമാ
മാഹാത്മ്യസമ്പത്തിമേൽ
വിശ്വാസത്തൊടടുത്തു മേനകയള
ക്കും ഛായയൊന്നേകിനാൻ.
വിരുതുള്ളൊരു ദുഷ്യന്തജ-
ഭരതൻ തെറിയുള്ള കുട്ടി വങ്കാട്ടിൽ
ഒരു ഹരിതന്നെ വലിയ്ക്കും
സുരുചിരപടവടിവുമേകി സന്തോഷം,
തക്കത്തിൽച്ചില വേട്ടയാട്ടമതിനായ്
ചെന്നിട്ടു ഭാഗീരഥീ-
വക്കത്തെത്തിയവാറും ശന്തനുമഹീ-
പാലൻ മയങ്ങുംവിധം
മുക്കോത്തിക്കളവാണിയാൾ പുഴകട-
ത്താൻ നില്പതായ്ക്കുണ്ടടു-
ത്തുൾക്കുത്തുമ്മദനാര്‍ത്തി കാട്ടീടുമൊരാ-
ച്ഛായാപടം തന്നു മേ.
കണ്ണുഞ്ചീമ്പിയിരുന്നു കൊണ്ടൊരു ശിവാ-
യിച്ചാരുറങ്ങുന്നതും,
കണ്ണും വച്ചഥ ദേവകീപ്രിയർ ചിരം
സൂക്ഷിച്ചു നോക്കുന്നതും,
ഉണ്ണിക്കണ്ണനുമച്ഛനുള്ള കരതാ-
രിങ്കൽക്കിടക്കുന്നതും
തിണ്ണം കൂരിരുളിൽക്കുറിച്ച പടവും
കല്പിച്ചു തന്നീടിനാൻ.
ചന്ദ്രശ്രീ പുകൾ പൂണ്ടിടുന്നൊരു മഹാ-
സത്യസ്ഥനാകും ഹരി-
ശ്ചന്ദ്രൻ വൻചുടലക്കു കാവൽ നിലയിൽ
ചണ്ഡാളദാസ്യസ്ഥനായ്
ഉന്നിദ്രം ചുഴലുംവിധൌ മതസുതൻ-
തന്നെ സ്വദാരങ്ങൾ കേ-
ണന്നിക്കാട്ടിലണഞ്ഞുഴന്നൊരു നിശാ-
വൃത്തം നമുക്കേകിനാൻ
അഴകൊഴുകിന പുത്തൻചന്ദ്രികാഭംഗിതിങ്ങും
പുഴയുടയ തടത്തിൽ ഗൂഢമായ് രാധ തന്റെ
മിഴിയിണയതു പൊത്തും കണ്ണനെക്കയ്യിലാക്കാൻ
വഴിയെ മുഖമുയർത്തും ഛായയും തന്നു നന്ദ്യാ
ചില്ലിലാക്കുവതിനായിതൊക്കെവേ
ചില്ലിടുന്നവനയച്ചുപോകയാൽ
ഇല്ലിതിപ്പൊഴവിടെയ്ക്കയയ്ക്കുവാൻ
തെല്ലിനിയ്ക്കു തരമെത്തിയാൽത്തരാം
മധുരാശിയാത്രയുണ്ടെ-
ന്നധുനാ ഞാൻ കത്തുകൊണ്ടു മിണ്ടാതേ;
ഇതു കേറിഗ്ഗുണദോഷി-
പ്പതു പദ്യം കൂട്ടുവാനെന്നോ?
ഇതി ഭവതാം പ്രിയമിത്രം
കുഞ്ഞിക്കുട്ടാപരാഭിധാപാത്രം
സംലിഖതി രാമവർമ്മാ
സഹൃദയസമുദായദേയനിജശര്‍മ്മാ.