Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 79

79

കൊടുങ്ങല്ലൂർ


"ദിവസവര”ദീപ്രരുചിയം
നവ“കര്‍ക്കിടമാസ" മുകിൽതൊഴും മുടിയും
ധവളസ്മിതവും ചേരും
ഭവകൃപ "സുതനോടു സമം'' ജയിക്കട്ടേ.


മുമ്പെന്നാലൊരുനാളിൽ ഞാനവിടെ വ-
ന്നപ്പോൾ പറഞ്ഞില്ലയോ?
യെമ്പത്നിയ്ക്കു ചെവിക്കു ചെറ്റിഴയിലെ-
ങ്ങാണ്ടുള്ള ദീനത്തിനാൽ
അയ്മ്പാനിത്തിരി "പന്നിനെയ്യു" പരിചിൽ
കാച്ചിപ്പുരട്ടീടുവാൻ
വയ്മ്പൂന്നുന്ന ഭവാനയച്ചുതരുവാ-
നായിട്ടതോര്‍ക്കുന്നിതോ?


കാച്ചുന്നതുണ്ടിവിടെ ഞാനയി പന്നിനെയ്യു
വേഴ്ചപ്പെടുന്നൊരു വരാങ്ഗിമണിക്കുവേണ്ടി;
സ്വച്ഛന്ദമായതു കഴിച്ചുടനേ തരാമെ-
ന്നച്ഛന്നമോതിയതിവൈദ്യവരൻ ഭവാനും.


ആയതിതേ വരെയെത്തീ-
ലായതബുദ്ധേ! ഭവാൻ മറക്കുകയാൽ;
ആയതുകൊണ്ടിനിയെങ്കിലു-
മായതമിഴിയാൾക്കു പന്നിനെയ്യ തരൂ


പരിഗ്രഹത്തിൻ“പരിഭാഷകത്വം"
പരിഗ്രഹിച്ചിങ്ങിനെയൊന്നിദാനീം
പറഞ്ഞിടുന്നേനഹമീപ്രസങ്‌ഗ-
മറിഞ്ഞുടൻ നമ്പർ വിധിയ്ക്കു ധീമൻ.


നാരായണാദികൾ വരുന്നതിനോടുകൂടി
നേരായിണങ്ങുമൊരു പദ്യകലംബപത്രം
കൂറോടിനിയ്ക്കു വിടുമെന്നതിനോടു ചേര്‍ത്തു
നേരോടയക്കണമിരിപ്പൊരു പന്നിനെയ്യും


ഭാരതവൃത്താന്തത്തിൽ
ഭാരധരത്വം ഭവാൻ ഭരിച്ചതിനും
ചാരുതര പദ്യപത്രം
ചാരിത്രനിധേ! നമുക്കയച്ചീലാ.