കൊടുങ്ങല്ലൂർ 5-11-67
പടയിൽ കുലചെയ്തു കംസദന്തി-
ത്തടിയച്ചോരയണിഞ്ഞു വല്ലവാനാം
നടുവത്തു ദിവാകര” പ്രകാശം
തടവും കണ്ണനു കൈതൊഴുന്നു നിത്യം.
കിട്ടീലെന്നില്ല നിൻകത്തെഴുതിയദിവസ-
ന്തന്നെ പക്ഷേ കുറിപ്പിൽ
കാട്ടീലെന്നിച്ഛപോലേ പലതുമെഴുതിയ-
ന്തത്തിൽ ഞാൻ വിട്ടുപോയി
മുട്ടിടുമ്മാനസത്തോടതു കിമപി വിചാ-
രിച്ചു ബുദ്ധിക്ഷയിയ്ക്ക-
പ്പെട്ടീടാനില്ല ബന്ധം സകലകവിസമ-
ക്ഷത്തിലഗ്രാസനസ്ഥ!
ഇപ്പോൾത്തെല്ലൊരു ദുര്‍ഘടം പുനരന-
ദ്ധ്യായത്തിലങ്ങോട്ടു ഞാ-
നുൾപ്പുവിങ്കൽ നിനച്ചപോലെ വരുവാ-
നുണ്ടാകുവാനുണ്ടെടോ;
കെല്പോടായതു കേട്ടുകൊള്ളണമിരി-
ങ്ങാലക്കുടെക്കൂടിയാ-
ട്ടപ്പൂരന്തുടരുന്നു പോലതിനു പോയ് -
നോക്കേണ്ടതാണല്ലയോ?
അതു കഴിച്ചു വരും വഴി ഞാൻ കിഴ -
ക്കതിനുപോമൊരു റോട്ടു പിടിച്ചിടാം!
അതിരസത്തോടുമന്നു നമുക്കു സ-
മ്മിതിയിൽ നന്ദികലര്‍ന്നുമിരുന്നിടാം.
ഏതും സംശയമില്ലിഹ
പാതിജ്ജീവൻ കിടപ്പതുണ്ടെങ്കിൽ
വീതവിശങ്കം വരുവൻ
സ്ഫീതവിശാലപ്രസിദ്ധിപൂണ്ട കവേ!
ധൃതിയിൽക്കുറിയ്ക്കയാലി-
കൃതി കുത്തും വെട്ടുമായ് ക്കഴിച്ചേൻ ഞാൻ;
അതിനാലിതയി പകര്‍ത്തി-
ട്ടതിനെബ്ബുക്കിൽപ്പതിയ്ക്കിൽ നന്നത്രേ.