Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 71

71

കൊടുങ്ങല്ലൂർ 22-8-67


കുട്ടിപ്പയ്ക്കളെ മേച്ചുകൊണ്ടടവിയിൽ-
ത്തെണ്ടിത്തളർന്നിട്ടിരു
ട്ടിട്ടപ്പോൾ കുടിപുക്കു കൂട്ടരൊടുമൊ-
ത്തൂണും കഴിച്ചങ്ങിനെ
വട്ടപ്പോർകുളുർകൊങ്കയുള്ളവർ കിട-
ക്കും ദിക്കു തപ്പിത്തിര-
ഞ്ഞിട്ടപ്പാൽ മൊഴി രാധയേ രഹസി ത-
പ്പീടും വിടന്നായ്ത്തൊഴാം.


നോന്തമ്മിൽ മുൻമുറയിലുള്ളൊരെഴുത്തുകുത്തും
സ്വാന്തം മിനുക്കുമൊരു വേഴ്ചയുമൊന്നിടിഞ്ഞോ?
ഞാന്താങ്കൾ കാഴ്മതിനു വിട്ടൊരു കത്തുമെന്തോ
താന്തങ്ങൾ കേവലമിടഞ്ഞു വെടിഞ്ഞുവെന്നോ?


സീപ്പിയ്ക്കുത്തരരാമചന്ദ്രചരിതം
ഭാഷാന്തരം ചെയ്തു തീർ-
ത്തേല്പിയ്ക്കാൻ ശപഥം കഴിച്ച കഥയും,
സത്യം പിഴപ്പിച്ചതും,
തീപ്പിൽക്കാര്യമതൊക്കെയേറ്റമുഴലു! -
രായ്‍വന്നതും താങ്കളെ-
ക്കേൾപ്പിയ്ക്കാനൊരെഴുത്തയച്ചതവിടെ-
ക്കിട്ടായ്കിലോ കഷ്ടമായ്.


ഭാഷാപോഷിണിസഭയതി-
ഭേഷായൊപ്പിച്ചു മാറുവാൻവേണ്ടി
ഏഷ ഗമിച്ചിട്ടങ്ങാരു
ഭാഷയിലേല്പിച്ചുപോന്നു ശിവപുരിയിൽ.


കമ്പം നാടകമാട്ടവും ലഹളയും
ഭാഷാന്തരം ചെയ്യുവാൻ
മുമ്പും പിമ്പുമതിന്നിടച്ചിലുമത-
ല്ലന്യായവും ന്യായവും
ഡംഭും ഗോഷ്ഠിയുമാണവർക്കു വെളിവി-
ല്ലോർക്കുമ്പൊഴമ്പമ്പ ഭൂ-
കമ്പംതന്നെ മുറയ്ക്കു 'പോഷിണി'യിതിൽ-
പ്പോഷിയ്ക്കുവാൻ ദുർഘടം.


എന്നാലുമായതിനിടയ്ക്കു കടന്നുകൂടി
നന്നായ വാക്കുകൾ പറഞ്ഞു പരം ഞരുങ്ങി,
മന്നാടിയാരെയുമതല്ലഥ സീപ്പിയേയു
മൊന്നായിണക്കുവതിനായ്‍വളരെ ശ്രമിച്ചേൻ.


ഒരു ഗൌളിയതുത്തരം ചുമക്കു-
ന്നൊരു ഭാഷയ്ക്കിതിനുള്ള ഭാരമെല്ലാം
പരിചോടു വഹിച്ച ഞാനുമെന്നേ
പറയേണ്ടു ജഡിജിയ്ക്കു തന്നെ ഭാരം.


സുമാന്യകീർത്തേ! മമ വേറെയൊന്നു-
ണ്ടമായമോതേണ്ടതു വിട്ടുപോയി;
ഉമാ വിവാഹം മുഴുവൻ വിടാനെ-
ന്തമാന്തമാണിങ്ങിനെയായതെന്തേ!


ശരി "മാർത്താണ്ഡവമ്മാവു"
തരുവാൻ ഞാനുമീവിധം
ഒരമാന്തം പ്രയോഗിച്ചേൻ;
കുറവില്ലതിലിന്നു മേ.


കൂനേഴനെന്നോടതു വാങ്ങിവെച്ചു
താനേ തരാനുള്ളൊരമാന്തമാണേ!
ഞാനേറെനാളിട്ടു പിടിപ്പതെല്ലാം
സ്ഥാനേ കരേ കിട്ടുകിലന്നയയ്ക്കാം


പുരുജോലികൾകൊണ്ടവന്നുമിങ്ങെ-
ന്നരികത്തേയ്ക്കു വരാൻ താംവരാതേ
തിരിയേണ്ടിവരുന്നതാണു, കുറ്റം
പറയേണ്ടുന്നതു ഹന്ത! കണ്ടു വേണ്ടേ?


എങ്കിലും നാലുനാൾക്കുള്ളി-
ലെങ്കലെത്തുമുടൻ സഖേ!
താങ്കൾക്കു കിട്ടുവാൻ ബുക്കു
ബങ്കിയായിട്ടയയ്ക്കുവൻ.