കൊടുങ്ങല്ലൂർ 12-8-67
പാട്ടോടക്കുഴൽകൊണ്ടു കർണ്ണസുഖമാം
മട്ടൂതി മന്ദം മണൽ-
ത്തട്ടിൽ സൂര്യസുതാതരംഗമൃദുള-
ക്കാറ്റേറ്റുകൊണ്ടങ്ങിനെ
കൂട്ടംകൂടിയ ഗോപനാരികൾ നടു–
ക്കായിസ്സുഖം നേടിടും
കുട്ടിപ്രായമെഴും ത്രിലോകസുകൃത-
കൂമ്പിൽ കൂപ്പുന്നു ഞാൻ.
എന്നാൽ കുചേലഗോപാല-
മെന്നൊരിക്കൊച്ചുനാടകം
നന്നായ് നോക്കീട്ടഭിപ്രായ-
മൊന്നിതിൽ ചേർത്തയയ്ക്കണേ
കൊട്ടാരത്തിലെഴും കവീന്ദ്രമണിയാം
ശങ്കുണ്ണി നിമ്മിച്ചൊരീ-
ചട്ടറ്റീടിന നാടകത്തിനെ വിശേഷി-
ച്ചും മഹാത്മൻ ഭവാൻ
പിട്ടല്ലാതെ മനസ്സുവെച്ചു പരിശോ-
ധിച്ചാശയം ചൊന്നതായ് -
ക്കിട്ടിക്കാണ്മതിനായിനിയ്ക്കുമകമേ
കൂടുന്നു കൌതൂഹലം.
സകല കവീശ്വരതാനാ-
സകലം വൃത്താന്തമിനിയുടനേ
സകലശശാങ്കസുകീത്തേ!
സകല കൃതിഛായയായ് ചൊൽക.
അന്നു ഞാനെഴുതിയോരെഴുത്തിനെ-
ന്തൊന്നുമുത്തരമുരച്ചിടാത്തതും?
ധന്യസൽക്കവികുലേന്ദ്ര! താൻ മടി-
യ്ക്കുന്നിതോ കവിത ചിന്തചെയ്യുവാൻ?
പറ്റില്ലീമടിവേഷമിയ്യിടെയമാ-
ന്തം കഷ്ടമേറുന്നു തേ
ചെറ്റും തന്നെ കൃതിച്ചിടാതെ മടിയെ-
സ്സേവിച്ചിരിക്കൊല്ലെടോ;
കുറ്റംവിട്ടൊരു പുസ്തകം പുതിയതായ്
നിർമ്മിക്ക വല്ലെങ്കിലും
മുറ്റും ഭംഗികലർന്ന നാടകമതാ-
വട്ടേ തുടങ്ങൂ സഖേ!
വല്ല തർജ്ജമയായാലു-
മില്ലിനിയ്ക്കു വിസമ്മതം;
വല്ലാത്ത മടിയാണെങ്കിൽ
മല്ലിടും ഞാൻ മഹാമതേ!