Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 67

67

കൊടുങ്ങല്ലൂർ 1-7-67


നാനാനാരികളും നിരക്കവെ നര
ന്മാരും നരേന്ദ്രാളിയും
നാനാഭാവരസം കലർന്നു നയനം
പറ്റിച്ചു പാർക്കുംവിധൌ
താനാരാലരികിൽക്കടന്നു കയറി-
ക്കയ്ക്ക്ത്താർപിടിച്ചേറ്റിയ-
ദ്ധ്വാനാൽ രുഗ്മിണിയേ ഹരിച്ച ഹരിതൻ
കയ്യൂക്കിനായ് കൈതൊഴാം.


കഴിഞ്ഞൂ കല്യാണം കഥമപി ച നാരായണൻ വി-
ട്ടൊഴിഞ്ഞൂ വൻഭാരം കമനികൾ നിദാനം പദവിയിൽ
കഴഞ്ഞാടിക്കൂടുന്നൊരു പതിവുനിന്നൂ മമ സഖേ!
വഴിഞ്ഞാളും നേത്രോത്സവമതിനുമാറാട്ടുകുളിയായ്.


എന്നാലോ മിനിയാന്നുമിന്നലയുമു-
ണ്ടായി കളി, ശ്രീവധൂ-
വൃന്ദാലോലകടാക്ഷനീലനിറമാ-
ണെന്നാലുമാരാത്രികൾ
നന്നായ് സുന്ദരിമാർ മുഖേന്ദു ചൊരിയും
മന്ദസ്മിതജ്യോത്സ്നകൊ_
ണ്ടാന്നായിട്ടു വെളുത്തിരുന്നു ചില വേ-
ഷം വന്നു ചേരുംവിധൌ.


നന്മയൊടിന്നലെ രാവിൽ
കൃമ്മീരവധത്തിൽ വൈഭവം കാട്ടി
ധമ്മസുതാകൃതി കേശവ-
നുന്മേഷത്തൊടു മുറയ്ക്കു പറ്റിച്ചൂ


ഗോവിന്ദസ്വാമി വന്നെത്തിടുമളവിലഹോ
ഭക്തി, പിന്നെ ക്രമത്താ-
ലാ വന്നാപത്തുമൂലം പരിഭവമിവയേ
സ്പഷ്ടമായ്ക്ക് ക്കാട്ടിയപ്പോൾ
കൈവന്നീടുന്ന കണ്ണീരൊടു സരസമര-
ങ്ങത്തീരുന്നാളശേഷം
ഭാവം നന്നായി മാറിബ്ഭരിതകുതുകരായ്-
ത്തന്മയത്വം വഹിച്ചു.


എന്തിനു ഞാൻ പറയുന്നൂ?
ഹന്ത! ഭവാൻ വന്നു കണ്ടിരുന്നെന്നാൽ
സന്തോഷിച്ചേനേ; ബഹു
സന്താപിച്ചാലുമിന്നിതോർത്തോർത്ത്.


കുറുമടി കുടികൊണ്ട് വെണ്മണിക്ഷ്മാ-
സുരമണിയിന്നു വരുന്നതില്ലപോലും,
പരിഭവമരുതേ സ്വഭാവമല്ലേ
പരിചിൽ മിടുക്കനെ ഞാനയച്ചിടുന്നേൻ.


ഇനിക്കുമങ്ങോട്ടു വരുന്നതിന്നു
നിനക്കിലൊട്ടും തരമില്ല, ചൊല്ലാം;
അനുക്രമാൽക്കത്തുമുഖേന സർവ്വ -
മിനി ക്രമംപോലെ നമുക്കുരയ്ക്കാം


ഇഷ്ടൻ കുഞ്ഞിക്കുട്ടൻ
പുഷ്ടരസം നടുവഭൂസുരൻ കാഴ്മാൻ
വിട്ടിടുമൊരു വൃത്താന്ത-
ക്കെട്ടുപെടും കത്തിതാ കലാശിച്ചൂ